മംഗലംഡാം: മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ മുറവിളികള്‍ക്കൊടുവില്‍ കടപ്പാറക്കടുത്ത് പോത്തംതോട്ടില്‍ കാട്ടുചോലക്കു കുറുകെ പാലം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് വനത്തിനകത്തുള്ള തളികകല്ലിലെ ആദിവാസി കുടുംബങ്ങള്‍.
വരുന്ന മഴക്കാലം മുതല്‍ ഇനി കോളനി പുറം ലോകവുമായുള്ള ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഒഴിവാകുമെന്ന ആശ്വാസത്തിലാണ് കാടര്‍ വിഭാഗത്തിലുള്ള ഇവിടുത്തെ അറുപതോളം കുടുംബങ്ങളും.പാലത്തിന്റെ സ്ലാബ് വാര്‍പ്പ് കഴിഞ്ഞ ദിവസം നടന്നു.
രാവിലെ തുടങ്ങി വൈകി ഇരുട്ടുംവരെ വാര്‍പ്പ് പണികള്‍ നീണ്ടു.
ഈ ചരിത്രമുഹൂര്‍ത്തത്തെ ഏറെ ആഹ്ലാദകരമായാണ് ആദിവാസികളും നോക്കി കണ്ടത്. 22 മീറ്റര്‍ നീളം വരുന്നതാണ് പാലം. നാല് പില്ലറുകളിലാണ് നിര്‍മ്മാണം. മൂന്നര മീറ്റര്‍ ഉയരവും അതില്‍ കൂടുതല്‍ വീതിയും പാലത്തിനുണ്ട്.
മലവെള്ള പ്രവാഹത്തെ താങ്ങാന്‍ ഉതകും വിധം മൂന്ന് മീറ്റര്‍ അടിയിലേക്കും ബലപ്പെടുത്തിയിട്ടുണ്ട്. തോടിന് മറുഭാഗത്ത് നിലവിലുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റം കുറക്കാന്‍ ചെരിച്ചാണ് പാലം പണിതിട്ടുള്ളത്. സ്റ്റേറ്റ് നിര്‍മ്മിതികേന്ദ്രമാണ് പാലം നിര്‍മ്മിക്കുന്നത്.
ഏറേ കാലം നിലനില്ക്കും വിധമാണ് റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണമെന്ന് നിര്‍മ്മിതികേന്ദ്രം റീജണല്‍ എന്‍ജിനീയര്‍ എം.ഗിരീഷ് പറഞ്ഞു. ഇനി കൈവരികളും ഇരുഭാഗത്തെയും അപ്രോച്ച് റോഡുകളും പണിയേണ്ടതുണ്ട്. കാലവര്‍ഷം ശക്തിപ്പെടും മുന്‍പേ ശേഷിച്ച പണി കൂടി പൂര്ത്തിയാക്കനാകുമെന്ന് പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഓവര്‍സിയര്‍ ശാന്തന്ദാസന് പറഞ്ഞു.
ലോക്ക് ഡൗണില്‍ ബില്‍ കുടിശ്ശിക വൈകുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. തങ്ങളുടെ ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ ഉൗരുമൂപ്പനായിരുന്ന രാഘവേട്ടന് ഇല്ലല്ലോ എന്ന സങ്കടമാണ് ഇപ്പോള്‍ തളികകല്ലുക്കാര്ക്കുള്ളത്. പാലത്തിന് രാഘവേട്ടന്റെ പേരിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രായാധിക്യവും രോഗവും മൂലം ഈയടുത്ത കാലത്താണ് രാഘവേട്ടന് മരിച്ചത്.രാഘവേട്ടന്റെ നിരന്തരമായ ശ്രമഫലമായിട്ടാണ് കോളനിയിലേക്കുള്ള റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം നടന്നത്. കോളനിയില്‍ പുതിയ 40 വീടുകള്‍ നിര്‍മ്മിക്കുന്നതും കുടിവെള്ള പദ്ധതിക്ക് വഴിയായതും രാഘവേട്ടന്റെ ഇടപെടലുകള്‍ കൊണ്ട് തന്നെയായിരുന്നു.
പോത്തം തോട്ടില്‍ പാലമെങ്കിലും വന്നാല്‍ ചികിത്സക്കും മറ്റും കാല് നടയായെങ്കിലും വാഹനം എത്തുന്ന സ്ഥലത്തെത്താമെന്ന മോഹമായിരുന്നു ആദിവാസികള്ക്കുണ്ടായിരുന്നത്.ഇതിനിടെയാണ് 2004 ഓഗസ്റ്റ് അഞ്ചിന് തോട് മുറിച്ച് കടക്കുന്നതിനിടെ മല വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട് ഏഴു വയസുക്കാരി മരിക്കാനിടയായ സംഭവമുണ്ടായത്.
തൃശൂര്‍ വെള്ളിക്കുളങ്ങരക്കടുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ രാമന്റെ മകള്‍ മിനിമോളാന്ന് അന്ന് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. തളികകല്ലിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു മിനിമോള്‍.
ഈ സംഭവത്തോടെ പോത്തം തോട്ടില്‍ പാലം എന്ന ആവശ്യം അധികൃതരുടെ കണ്ണു തുറപ്പിച്ചു.ഇതിനു ശേഷവും ഒഴുക്കില്‍പ്പെടുന്ന സംഭവങ്ങള്‍ ഇവിടെയുണ്ടായി.
ഇതേ തുടര്‍ന്ന് 2007 ജൂണില്‍ വനം വകുപ്പ് നേരിട്ട് കോളനിയിലേക്ക് റോഡും പാലവും നിര്‍മ്മിക്കാന്‍ പണി തുടങ്ങി.എന്നാല്‍ ആ വര്‍ഷം തന്നെ ജൂലൈയിലുണ്ടായ അതിവര്‍ഷത്തില്‍ നിര്‍മ്മിച്ച റോഡ് മലവെള്ളത്തില്‍ ഒലിച്ചുപോവുകയായിരുന്നു.
അതോടെ വനം വകുപ്പും പണികള്‍ നിര്‍ത്തിവെച്ചു.
മൂപ്പന് രാഘവന് റോഡിനായുള്ളെ തന്റെ ശ്രമങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ മൂപ്പന് അടിസ്ഥാന സൗകര്യ വികസനത്തിനായി കോടതിയെ സമീപിച്ചാണ് ഒരു വര്‍ഷം മുന്‍പ് കോളനി വികസനത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചത്.കോളനിയില്‍ വീടുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്.
കോവിഡ് വ്യാപനം പ്രവൃത്തികള്‍ക്ക് വേഗത കുറച്ചെങ്കിലും കാലവര്‍ഷത്തിനു മുന്നേ പരമാവധി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെച്ചിട്ടുള്ളതെന്ന് ടി ഇ ഒ രാജീവ് അറിയിച്ചു.

Don Quixote
Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.