വില്ലേജ് ഓഫീസ് കെട്ടിടം പുനർനിർമ്മാണം ഉദ്ഘാടനം നടത്തി മാസങ്ങളായിട്ടും പണി ആരംഭിച്ചില്ല.

നെന്മാറ : ചിറ്റൂർ താലൂക്കിലെ നെന്മാറ, വല്ലങ്ങി, കോഴിപ്പതി, നെല്ലിയാമ്പതി. എന്നീ 4 വില്ലേജ് ഓഫീസുകളുടെ പുനർനിർമ്മാണത്തിന് കരാർ നൽകി കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചിട്ട് മാസങ്ങളായെങ്കിലും നെല്ലിയാമ്പതി ഒഴികെ മറ്റ് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. നിലവിലെ ഓഫീസുകളെ താൽക്കാലികമായി മറ്റ് സ്ഥലങ്ങളിലേക്കോ ഓഫീസുകളിലേക്കോ മാറ്റിയാണ് നിർമ്മാണ പ്രവർത്തനത്തിനായി നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റാൻ ഒഴിഞ്ഞു കൊടുത്തിട്ടുള്ളത്.

ഓരോ കെട്ടിടത്തിനും 44 ലക്ഷം രൂപ നിരക്കിലാണ് നിർമാണച്ചെലവ് കണക്കാക്കി 6 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതായി അറിയിച്ചിരുന്നത്. എന്നാൽ ചിറ്റൂർ താലൂക്കിലെ മറ്റ് വില്ലേജുകളുടെ നിർമ്മാണം പൂർത്തിയാവാറായിട്ടും നെല്ലിയാമ്പതി വില്ലേജ് ഓഫീസിന്റെ നിർമ്മാണം ആരംഭിച്ചിട്ട് പോലുമില്ല. 1985 ലാണ് പോത്തുണ്ടി, കൊല്ലംങ്കോട് – 2, മുതലമട വില്ലേജുകളെ വിഭജിച്ചാണ് നെല്ലിയാമ്പതി വില്ലേജ് രൂപീകൃതമായത്. നെല്ലിയാമ്പതിയിലെ കൈകാട്ടിയിലെ ഓറഞ്ച് ഫാം വളപ്പിൽ നൽകിയിട്ടുള്ള സ്ഥലത്താണ് നിർമ്മിതി കേന്ദ്ര 1996 ൽ നിലവിലുള്ള കെട്ടിടം പണിതു നൽകിയത്. ഈർപ്പവും മഴയും കൂടുതലുള്ള നെല്ലിയാമ്പതിയിൽ നിർമ്മിച്ച നിർമ്മിതി മോഡൽ കെട്ടിടം കാലപ്പഴക്കം കൊണ്ട് ചോർന്നൊലിച്ചും പൊട്ടിപ്പൊളിഞ്ഞും മേൽക്കൂര സീലിങ്ങിൽ അടർന്നു വീണും റിക്കാർഡുകളും രേഖകളും നശിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് ഏറെക്കാലത്തെ മുറവിളിക്ക് ശേഷം പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചത്. എന്നാൽ മാസങ്ങളായിട്ടും നിലവിലുള്ളള കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ നെല്ലിയാമ്പതിയിൽ ആരംഭിച്ചില്ല. താലൂക്കിൽ ഇതോടൊപ്പം ആരംഭിച്ച മറ്റ് വില്ലേജുകളുടെ പണി ധ്രുതഗതിയിൽ നടക്കുന്നുമുണ്ട്.

നെല്ലിയാമ്പതിയിലെ നിലവിലുള്ള വില്ലേജ് ഓഫീസ് കെട്ടിടം.

നെല്ലിയാമ്പതിയിലെ നിലവിലുള്ള വില്ലേജ് ഓഫീസ് താൽക്കാലികമായി സമീപത്തുള്ള മറ്റേതെങ്കിലും സർക്കാർ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം എത്രയും വേഗം നടത്തണമെന്നും അതോടൊപ്പം നിർദ്ദിഷ്ട പദ്ധതിയിൽ ഉൾപ്പെടുത്തി വിദൂര പ്രദേശമായ നെല്ലിയാമ്പതിയിൽ ഓഫീസിനോട് ചേർന്ന് തന്നെ ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും പണിയണമെന്നും കേരള എൻ.ജി.ഒ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരോഗ്യം ജോയ്സൺ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.