November 22, 2025

ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസിൽ ആക്രമണം; ജീവനക്കാരന് വെട്ടേറ്റു

കൊല്ലം: പത്തനാപുരം എം.എൽ.എ. കെ.ബി. ഗണേഷ് കുമാറിന്റെ ഓഫീസിൽ അക്രമം. പാർട്ടി പ്രവർത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാർ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. വെട്ടേറ്റ കേരളാ കോൺഗ്രസ് ബി പ്രവർത്തകൻ ബിജു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അക്രമം നടത്തിയ ആൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു. രാവിലെ ആറുമണിയോടെയാണ് പ്രദേശവാസിയായ ഇദ്ദേഹം അക്രമം നടത്തിയത്. എം.എൽ.എ. ഓഫീസിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. ബിജുവിന് കയ്യിലാണ് വെട്ടേറ്റത്. ഉടൻതന്നെ ഓഫീസിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും ബിജുവും നാട്ടുകാരും ചേർന്ന് അക്രമിയെ പിടികൂടി പോലീസിന് കൈമാറി.നിലവിൽ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം. പത്തനാപുരം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.