മംഗലം ഗോവിന്ദാപുരം റോഡിലെ യാത്ര ദുസ്സഹമാവുന്നു.

ബെന്നി വർഗീസ്

വടക്കഞ്ചേരി : മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ മുടപ്പല്ലൂർ ഉരിയരിക്കുടം മുതല്‍ ചിറ്റിലംചേരി വരെയുള്ള പാതയുടെ തകര്‍ച്ചകാരണം ഇതിലൂടെയുള്ള യാത്ര ദുസ്സഹമാവുന്നു. നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന നാൽപ്പത്തിയഞ്ച് കിലോ മീറ്റർ ദൂരം വരുന്ന അന്തർ സംസ്ഥാന പാതയുടെ മറ്റു ഭാഗങ്ങളെല്ലാം കഴിഞ്ഞ മാര്‍ച്ച് മാസത്തിനു മുന്‍പ് തന്നെ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു. കൂടുതല്‍ തകര്‍ന്നുകിടക്കുന്ന ഉരിയരിക്കുടം മുതല്‍ ചിറ്റിലംചേരി വരെയുള്ള 4 കിലോ മീറ്റര്‍ ദൂരം മാത്രം അറ്റകുറ്റ പണികള്‍ നടത്തിയില്ല. വർഷകാലമായതോടെ നേരത്തെയുണ്ടായിരുന്ന ചെറു കുഴികളിൽ വെള്ളം കെട്ടി കിടന്നും ചരക്കു വാഹനങ്ങങൾ കയറി ഇറങ്ങിയതോടെ കുഴികൾ വലിപ്പം കൂടി വാഹന യാത്ര ദുസ്സഹമായി. ഇതോടെെെ കുഴികൾ വെട്ടിക്കുന്ന കാറുകളും കുഴികളുടെ ആഴം അറിയാത്ത ഇരുചക്രവാഹനങ്ങളും അപകടത്തില്‍ പെടുന്നത് പതിവാകുന്നു. പൊതുജനങ്ങള്‍ പരാതിപ്പെടുമ്പോള്‍ കുഴികളില്‍ കല്ലും പാറപൊടിയും ചേര്‍ത്ത മിസ്രിതമിട്ട് വലിയ കുഴികൾ താൽക്കാലികമായി അടക്കുമെങ്കിലും അടുത്തമഴയില്‍ ഒഴുകിപ്പോകും. നിരവധി തവണ പരാതിപ്പെട്ടിട്ടും റോഡ് തകർച്ച പരിഹരിക്കാത്ത തിനാൽ പ്രദേശവാസികളും ഈ പാതയിലൂടെയുള്ള യാത്രക്കാരും ആലത്തൂർ എം.എൽ.എ. പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകി കാത്തിരിപ്പാണ്.കോള്‍ഡ്‌ ടാര്‍ ഉപയോഗിച്ചും മഴക്കാലത്ത്‌ കുഴിയടക്കുവാനുള്ള സംവിധാനം ഉള്ളപ്പോഴാണ് ക്വാറി അവശിഷ്ടം കുഴികളിൽ തള്ളി കൊണ്ടുള്ള പാഴ് വേല പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.

തകർന്ന് കിടക്കുന്ന സംസ്ഥാന പാത.

കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പാലക്കാട് ചുരത്തിലെ തെക്കുഭാഗത്തുള്ള ദേശീയപാത പ്രാധാന്യമുള്ള പ്രധാന പാതയിലാണ് അധികൃതരുടെെെ അനാസ്ഥമൂലം പൊതുജനം ബുദ്ധിമുട്ടുന്നത് .നാൽപ്പത്തിയഞ്ച് കിലോ മീറ്റർ ദൂരം വരുന്ന ഈ പാതയെ 2007 ൽ സംസ്ഥാന പാതയായി ഉയർത്തിയെങ്കിലും 2010 ല്‍ ഫണ്ട് അപര്യാപ്തതയെ തുടർന്ന് ലഭ്യമായ സ്ഥലങ്ങളിലെല്ലാം ടാർ ചെയ്ത് താൽക്കാലികമായി വീതി കൂട്ടിയെടുത്ത് സംസ്ഥാന പാത നിലവാരത്തിൽ വെള്ളവരയിട്ട രണ്ടു വരിപ്പാതയായി പുതുക്കിപ്പണിതത്. എന്നാൽ അടുത്തിടെ ദേശീയ പാതയാക്കി പ്രഖ്യാപനം നടത്തിയെങ്കിലും മറ്റൊന്നും നടന്നിട്ടില്ല. പ്രധാന പട്ടണങ്ങളായ വടക്കഞ്ചേരി, മുടപ്പല്ലൂർ, ചിറ്റിലഞ്ചേരി, നെന്മാറ, വല്ലങ്ങി, കൊല്ലങ്കോട് വഴി തമിഴ്നാട് അതിർത്തിയായ ഗോവിന്ദാപുരം വഴി പൊള്ളാച്ചിയിൽ എത്തിച്ചേരുന്നതാണ് ഈ പാത.