ബ്ലേഡ് മാഫിയയുടെ ഭീഷണി; നെന്മാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു.

നെമ്മാറ: കോവിഡിനെത്തുടര്‍ന്നു സംഭവിച്ച സാമ്പത്തിക തകര്‍ച്ച മുതലെടുത്തുകൊണ്ടുള്ള ബ്ലേഡ് മാഫിയയുടെ വിളയാട്ടം തുടരുന്നു. മാഫിയ സംഘത്തിന്‍റെ ഭീഷണിയെ തുടര്‍ന്ന് ഒരു ഗൃഹനാഥന്‍ കൂടി സംസ്ഥാനത്ത് ജീവനൊടുക്കി. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശി ‘ഏറാത്ത്’ കണ്ണന്‍കുട്ടി (56) ആണ് മരിച്ചത്. ട്രാക്ടര്‍ ഡ്രൈവറായിരുന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇദ്ദേഹത്തിന് അഞ്ച് ലക്ഷത്തിലധികം രൂപയുടെ കടമുണ്ടായിരുന്നതായി അറിയുന്നു. കൃഷി നടത്താനും മറ്റാവശ്യങ്ങള്‍ക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വട്ടിപ്പലിശക്കാരില്‍ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്.

ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കുന്ന രണ്ടാമത്തെ കര്‍ഷകനാണ് കണ്ണന്‍ കുട്ടി. നേരത്തെയും ബ്ലേഡ് മാഫിയയുടെ ഭീഷണി ഭയന്ന് കഴിഞ്ഞ ആഴ്ച മറ്റൊരു കര്‍ഷകന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.വട്ടിപ്പലിശക്കു പണമെടുത്ത് കണ്ണന്‍കുട്ടിയുടെ കിടപ്പാടംവരെ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.