വീടുകളിൽ വാനരൻ മാരുടെ വിളയാട്ടം.

നെന്മാറ: വര്‍ഷകാലം പിറന്ന് ചക്ക സീസണ്‍ അവസാനിക്കാറായപ്പോള്‍ വീട്ടുവളപ്പുകളില്‍ വാനരപ്പടയുടെ വിളയാട്ടം. മലയോര മേഖലകളില്‍ കാട്ടുപന്നി, മലയണ്ണാന്‍, മയില്‍, മാനുകള്‍ തുടങ്ങിയവയുടെ ശല്യത്തിനു പുറമേ വീട്ടുവളപ്പുകളില്‍ ശേഷിക്കുന്ന ചക്കകള്‍ക്കായി വാനരപ്പടയും എത്തിത്തുടങ്ങി.
ശബ്ദമുണ്ടാക്കി ആട്ടിയോടിച്ചാലും അരമണിക്കൂറിനുള്ളില്‍ വീണ്ടുമെത്തും. ആളില്ലാത്ത വീടുകളില്‍ മേല്‍പ്പുരയുടെ ഓടുകള്‍ ഇളക്കി അകത്തു കടക്കുന്നതിനാല്‍ മഴ പെയ്യുന്നതോടെ വീടിനുള്ളില്‍ വെള്ളം നിറയുന്നതും വീട്ടു സാധനങ്ങള്‍ നശിപ്പിക്കുന്നതും പതിവാകുന്നുണ്ട്.
തുറന്നിട്ട ജനലുകളിലൂടെയും മറ്റും അകത്തുകയറി ഭക്ഷണങ്ങളും വസ്ത്രങ്ങളും തുടങ്ങി സകലവിധ വസ്തുക്കളും വലിച്ചുവാരി നശിപ്പിക്കുന്നതും ശല്യമാകുന്നുണ്ട്.

വളർത്തു നായ ഉള്ള വീടുകളില്‍ ഓടിന്റെ മുകളിലൂടെയാണ് വാനരപ്പടയുടെ സഞ്ചാരം. പുറത്ത് ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ മരക്കൊമ്പുകളിലേക്ക് വലിച്ചു കൊണ്ടുപോകുകയും, കീറിക്കുന്നതും, ഇരുചക്ര വാഹനങ്ങളുടെയും മറ്റും സീറ്റ്, കണ്ണാടികള്‍ എന്നിവ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വീട്ടുപകരണങ്ങളും ഡിഷ് ടി.വി ആന്റിനകള്‍ വരെ ഇളക്കി നശിപ്പിക്കുന്നുണ്ട്. ആളുകളെ കണ്ടാല്‍ ഓടി മറയുമെങ്കിലും അല്പസമയത്തിനുശേഷം വീണ്ടും എത്തും. മലയോര മേഖലകളായ മട്ടായി, കോതശ്ശേരി, നിരങ്ങല്‍ പാറ, പൂഞ്ചേരി, പാളിയ മംഗലം, കാന്തളം തുടങ്ങിയ സ്ഥലങ്ങളിലാണ് കുരങ്ങുകളുടെ ശല്യം രൂക്ഷമായത്.