അഞ്ചുകോടി ചിലവഴിച്ച് നിര്‍മ്മിച്ച പാത തകര്‍ന്നു.
റിപ്പോർട്ട് : ബെന്നി വർഗീസ്
നെന്മാറ : അഞ്ചു കോടി ചിലവഴിച്ച് നവീകരിച്ച പാത വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ ടാറിംങ് താഴ്ന്നും, വശങ്ങള്‍ വിണ്ടു കീറിയും തകര്‍ന്നു. കുനിശ്ശേരി ചേരാമംഗലം നെന്മാറ പാതയാണ് നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞതും തകര്‍ന്നത്. കെ.ഡി.പ്രസേനന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നാണ് അഞ്ചുകോടി രൂപ ചിലവഴിച്ച് കലുങ്കുകളും, വശങ്ങളില്‍ സംരക്ഷണ ഭിത്തി കെട്ടിയും നവീകരിച്ചത്. നവീകരണത്തിന് മുമ്പ് തന്നെ പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിക്കായി രണ്ടു കിലോമീറ്റര്‍ ദൂരം പാതയോരത്തും, അഞ്ചിടങ്ങളിലായി പാതയ്ക്ക് കുറുകെയും ജലവിതരണ കുഴല്‍ സ്ഥാപിക്കുന്നതിന് ജല അതോറിറ്റി അനുമതി വാങ്ങുകയും, ടാറിംങ് നടത്തുന്നതിന് മുമ്പ് പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. പാതയുടെ നവീകരണം പൂര്‍ത്തിയായ ശേഷം ചില ഭാഗങ്ങള്‍ ഇടിഞ്ഞു താഴ്ന്നതോടെയാണ് പി.ഡബ്ല്യൂ.ഡി. നടത്തിയ പരിശോധനയില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ജലവിതരണ കുഴല്‍ സ്ഥാപിച്ചതായി കണ്ടെത്തിയത്. പാത ഇടിഞ്ഞു താഴ്ന്ന ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കരിങ്കല്ലിട്ട് നികത്തിയിരിക്കുകയാണ്. പാത തകര്‍ന്നത് അനധികൃതമായി കുഴലിടുന്നതിനായി ചാലെടുത്തതാണെന്ന് കാണിച്ച് പാതയുടെ തകര്‍ച്ചയിലുണ്ടായ നഷ്ടമായി 85,000 രൂപ ആവശ്യപ്പെട്ട് പി.ഡബ്ല്യൂ.ഡി. അസി.എക്‌സികുട്ടീവ് എന്‍ജിനീയര്‍ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം പി.ഡബ്ല്യൂ.ഡിയില്‍ നിന്ന് ജലവിതരണ കുഴല്‍ സ്ഥാപിക്കുന്നതിന് അനുമതി വാങ്ങിയാണ് കുഴലുകള്‍ സ്ഥാപിച്ചതെന്ന് ജല അതോറിറ്റിയും പറയുന്നു. പണി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പാതയിലെ നിരപ്പ് വ്യത്യാസം ഇല്ലാതാക്കുന്നതിനായി പാതയോരങ്ങള്‍ ഇനിയും മണ്ണിട്ട് നികത്താത്തത് അപകട ഭീഷണിയാകുന്നുണ്ട്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.