ഈ ആധുനിക കാലത്തും കാളവണ്ടിയെ ഉപേക്ഷിക്കാതെ കുമാരേട്ടൻ.

റിപ്പോർട്ട്‌: ബെന്നി വര്‍ഗീസ്

വടക്കഞ്ചേരി: നെല്ലറയുടെ പ്രതാപത്തിന്റെ അടയാളമായ പോത്തുവണ്ടി മലയോര മേഖലയില്‍ ഇപ്പോഴും സജീവം. കിഴക്കഞ്ചേരി സ്വദേശിയായ കുമാരനാണ് ആധുനിക സൗകര്യങ്ങള്‍ വര്‍ധിച്ച കാലത്തും പോത്തുവണ്ടി ഉപയോഗിക്കുന്നത്. ഒരു കാലത്ത നെല്‍പ്പാടങ്ങളില്‍ നിന്ന് കൊയ്‌തെടുക്കുന്ന നെല്ലും, വൈക്കോലും, വീട്ടിലേക്ക് കൊണ്ടുവരുന്നതിനും, അങ്ങാടിയില്‍ പോകുന്നതിനും, മരം കടത്തുന്നതിനുമായി ഉപയോഗിച്ചിരുന്ന പോത്തുവണ്ടിയാണ് ഇപ്പോള്‍ പേരിന് മാത്രമായി ഉപയോഗിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ലളവ് കണക്കാക്കുന്നതുപോലും വണ്ടിക്കണക്കിനായിരുന്നു. ഇപ്പോള്‍ മോട്ടോര്‍ വാഹനങ്ങള്‍ സജീവമായതോടെ ഈ മേഖലയിലും തൊഴില്‍ നഷ്ടമായി. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലായി 200 ലധികം കാള-പോത്തു വണ്ടികളാണ് ഉണ്ടായിരുന്നു. അന്ന് അവരുടെ നേതൃത്വത്തില്‍ കാളവണ്ടി തൊഴിലാളി യൂണിയനും ഉണ്ടാക്കി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആളുകള്‍ കൂടുതലും മോട്ടോര്‍ വാഹനങ്ങളെ ആശ്രയിച്ചതോടെ മിക്കവരും കാളവണ്ടി ഒഴിവാക്കി. ഇടക്കാലത്ത് മൃഗസ്‌നേഹികളുടെ പരാതികള്‍ വര്‍ദ്ധിച്ചതും പോത്തുകളെ ഭാരം വലിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നതുമൊക്കെയായതോടെ തൊഴില്‍ മേഖല ഭീഷണിയായതായി കുമാരന്‍ പറയുന്നു. ഇതോടെ മിക്കവരും പോത്തു വണ്ടി ഒഴിവാക്കിയത്. ചിലയിടങ്ങളില്‍ വീട്ടീല്‍ ചന്തത്തിനും, മറ്റു ചിലയിടങ്ങളിലും പുരാവസ്തുപോലെ സൂക്ഷിക്കുന്നതിനുമായാണ് ഇപ്പോള്‍ വണ്ടി ഉപയോഗിക്കുന്നത്. പാലക്കാട് മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ കൊണ്ട് വന്ന് മലയോരമേഖയിലെ കടകളിലേക്ക് പോത്തു വണ്ടിയില്‍ സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ കിഴക്കഞ്ചേരി സ്വദേശിയായ കുമാരന്റെ പക്കല്‍ മാത്രമാണ് താലൂക്കില്‍ പോത്തു വണ്ടിയുള്ളത്. അത്യവശ്യം മരം കടത്തുന്നതിനും, ചെറു സാധനങ്ങള്‍ കടത്തുന്നതിനും മാത്രാമായാണ് ഇപ്പോള്‍ പോത്തു വണ്ടി ഉപയോഗിക്കുന്നത്. 35 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നതിനാല്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതിനാലാണ് വരുമാനം കുറവാണെങ്കിലും ഈ തൊഴിലില്‍ പിടിച്ചുനില്‍ക്കുന്നതെന്ന് കുമാരന്‍ പറയുന്നു.