4.8 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍.

പാലക്കാട്‌ : ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 4.8 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍. വിശാഖപട്ടണത്തു നിന്ന് ഷാലിമാര്‍ തിരുവനന്തപുരം എക്സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന 4.8 കിലോ കഞ്ചാവുമായി സ്ത്രീയടക്കം മൂന്നു പേരെ പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷനില്‍ ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി.

ട്രെയിനില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് കണ്ടു കഞ്ചാവ് ബാഗും എടുത്ത് പ്ലാറ്റ്ഫോമില്‍ കുടുംബമായി യാത്ര ചെയ്യുന്നതുപോലെ ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിടികൂടുകയാണുണ്ടായത്.

തൃശ്ശൂര്‍ കുന്നംകുളം പോര്‍ക്ക്ളങ്ങാട് കൊട്ടാരപ്പാട്ട് വീട്ടില്‍ സജീഷ് (39), (നിലവില്‍ പോക്സോ വധ ശ്രമം കേസ് അടക്കം 10 കേസുകളില്‍ പ്രതിയാണ്), കുന്നംകുളം പോര്‍ക്കളങ്ങാട് ഏഴി കോട്ടില്‍ വീട്ടില്‍ ദീപു (31) (നിലവില്‍ പോക്സോ കേസ് അടക്കം മൂന്ന് കേസുകളില്‍ പ്രതിയും), തൃശൂര്‍ തളിക്കുളം സ്വദേശി അറക്കല്‍ പറമ്ബില്‍ വേലായുധന്‍ മകള്‍ രാജി (32) (നിലവില്‍ വലപ്പാട് പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയുമാണ്) എന്നിവരെയാണ് പരിശോധനയില്‍ പിടികൂടിയത്.

വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്നു കുന്നംകുളം ഭാഗങ്ങളില്‍ ചിലറ വില്‍പ്പനക്കായി എത്തിച്ചതാണെന്ന് പ്രതികള്‍ വെളിപ്പെടുത്തി. പ്രതികള്‍ ഇതിനുമുന്‍പും കഞ്ചാവ് കടത്തുന്നത് ആവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ട്രെയിനില്‍ നിന്ന് മാത്രം 33.5 കിലോ കഞ്ചാവും അഞ്ച് പ്രതികളെയും ആണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ട്രെയിനിലെ പരിശോധനയില്‍ നിന്ന് രക്ഷപെടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച്‌ കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി വരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി.രാജ് അറിയിച്ചു.

എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം. രാകേഷിന്റെ നിര്‍ദ്ദേശപ്രകാരം. സിഐ പി കെ സതീഷ്, ആര്‍പിഎഫ്.എ എസ് ഐ മാരായ കെ. സജു, സജി അഗസ്റ്റിന്‍, ഒ.കെ. അജീഷ്, എന്‍. അശോക്, ഡബ്ല്യു.സി അശ്വതി സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഫൈസല്‍ റഹ്മാന്‍ സുനില്‍കുമാര്‍ കെ, മുരളി മോഹന്‍, ജി. ഷിജു, ഡബ്ല്യുസിഒ കെ. രഞ്ജിനി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.