www.mangalamdammedia.com
Date: 02/11/2021
മംഗലംഡാം: എംഎല്‍എ ഉള്‍പ്പെടെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത യോഗത്തിന് പുല്ലുവില കല്‍പ്പിച്ച് മംഗലംഡാമിലെ അഡ്വഞ്ചര്‍ പാര്‍ക്ക് കേരളപ്പിറവി ദിനത്തിലും തുറന്നില്ല.
നവംബര്‍ ഒന്നിന് പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്നായിരുന്നു കഴിഞ്ഞ മാസം കെ.ഡി പ്രസേനന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നത്.
വകുപ്പുകള്‍ തമ്മിലുള്ള ശീതസമരത്തില്‍ തീരുമാനം നടപ്പാകാത്തതിനാല്‍ ഇന്നലെയെത്തിയ സന്ദര്‍ശകര്‍ക്കെല്ലാം നിരാശയോടെ മടങ്ങി.
കഴിഞ്ഞവര്‍ഷം മേയ് മാസത്തില്‍ തന്നെ പാര്‍ക്കിന്റെ പണികള്‍ പൂര്‍ത്തിയാക്കിയതായി കാണിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനും മെയിന്‍ കരാര്‍ കന്പനിയായ വാപ്പ്കോസിനും കത്ത് നല്‍കിയിരുന്നതായി വര്‍ക്കുകള്‍ സബ് കരാര്‍ എടുത്തിരുന്നവര്‍ പറയുന്നു.
ഇതു പ്രകാരം ഡിടിപിസി യുടെ പ്രൊജക്ട് എന്‍ജിനീയര്‍ ഡാമില്‍ പരിശോധന നടത്തി വര്‍ക്കുകളില്‍ സംതൃപ്തി രേഖപ്പെടുത്തി പോയതാണ്. അഡ്വഞ്ചര്‍ പാര്‍ക്ക് സെറ്റ് ചെയ്ത കോഴിക്കോട്ടെ കന്പനിക്കു തന്നെ ആറു മാസത്തെ താല്‍ക്കാലിക മേല്‍നോട്ടത്തിനും ശിപാര്‍ശ ചെയ്യുകയുണ്ടായി.
എന്നാല്‍ ഇതു സംബന്ധിച്ച് കരാര്‍ ഉണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്ന് പറയുന്നു. ചുരുക്കത്തില്‍ അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് ഉണ്ടാക്കിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ സന്ദര്‍ശകരെ ഡാമിലേക്ക് ആകര്‍ഷിക്കാന്‍ ആര്‍ക്കും താല്പര്യമില്ല.
റിസര്‍വോയറില്‍ ചങ്ങാട സവാരി, കാളവണ്ടി യാത്രകള്‍, സൈക്കിള്‍ ഡസ്റ്റിനേഷന്‍ തുടങ്ങി കുറഞ്ഞ ചെലവില്‍ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന പദ്ധതികള്‍ കൊണ്ടുവരാമെങ്കിലും അധികൃതര്‍ മുതിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് ഉദ്യാന നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്. ഉദ്ഘാടന ദിവസം പോലും അധികസമയം പാര്‍ക്ക് തുറന്നില്ല.
നിര്‍മ്മാണം പൂര്‍ത്തിയാക്കാനുണ്ടെന്നായിരുന്നു പാര്‍ക്ക് തുറക്കാന്‍ വൈകുന്നതിന് കാരണമായി പറഞ്ഞത്. പിന്നീട് കോവിഡായി. ഒടുവില്‍ ഏതോ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പറഞ്ഞും പാര്‍ക്ക് തുറക്കല്‍ വൈകിപ്പിച്ചു.
ഇത്തരത്തില്‍ ഉദ്യാന നവീകരണ പദ്ധതികള്‍ക്ക് ചെലവഴിച്ചെന്ന് പറയുന്ന 4.76 കോടി രൂപ വെള്ളത്തില്‍ വരച്ച വരപോലെയായി. എവിടെയാണ് ഇത്രയും വലിയ തുക ചെലവഴിച്ചതെന്ന് നാട്ടുകാര്‍ ചോദിക്കുന്പോള്‍ അതിനും ഉത്തരമില്ല.
റോപ്പ് വെ, ബാലന്‍സിംഗ് ബ്രിഡ്ജ്, ഏരോ റൈഡര്‍, ഹാന്‍ഡ് റോവര്‍, വൈഡ് സ്ലൈഡ് സ്ട്രെയ്റ്റ് നെറ്റ്, ബാലന്‍സിംഗ് ബീം തുടങ്ങി അന്‍പതോളം ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ പലതും ഉപയോഗിക്കാതെയും ഗുണനിലവാരമില്ലാതെയും നശിക്കുകയാണ്.
Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.