ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാൽ

ആലത്തൂർ: ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി.
തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍പിഎഫിനോട് വെളിപ്പെടുത്തിയത്. പൊലീസ് പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍പിഎഫ് വ്യക്തമാക്കി.

തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒൻപതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും കണ്ടെത്തിയത്. നവംബര്‍ മൂന്നാം തീയതി ആലത്തൂരില്‍നിന്ന് വീട്ടില്‍ നിന്നിറങ്ങിയ ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആദ്യം പൊള്ളാച്ചിക്കാണ് പോയത്. പിന്നീട് ഊട്ടിയിലെത്തി. ഇന്ന് ഊട്ടിയില്‍ നിന്നാണ് നാല് പേരും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമില്‍ ഒരു സ്ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസിന്റെ നിഗമനം.

നേരത്തെ പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്‌ കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച്‌ തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.