കേടായ പേന മാറ്റിനൽകിയില്ല : മംഗലംഡാമിലെ വ്യാപാരിക്ക് 5000 രൂപ പിഴ.

മംഗലംഡാം: കേടായ പേനയ്ക്ക് പകരം പേന നൽകാൻ തയ്യാറാകാത്ത വ്യാപാരി 5,000 രൂപ പിഴനൽകാൻ ഉത്തരവ്. അതേ ശ്രേണിയിൽപ്പെട്ട പുതിയ പേന നൽകാനും നിർദേശം. പാലക്കാട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനാണ് തീർപ്പുകല്പിച്ചത്. മംഗലംഡാം ഒലിങ്കടവ് മൂങ്ങാങ്കുന്നേൽ ജോയി വി. തോമസിനാണ് നഷ്ടപരിഹാരം ലഭിക്കുക. മംഗലംഡാമിലെ ഒരു സ്ഥാപനത്തിനും നോയിഡയിലെ സ്ഥാപനത്തിനും എതിരായിരുന്നു ഹർജി. ഉപഭോക്താവിന് വില്പനാന്തര സേവനങ്ങൾ നൽകാൻ വ്യാപാരിക്ക് ബാധ്യതയില്ലെന്ന വാദം തള്ളിയാണ് വിധി.

ജോയി വി. തോമസ് 2019 ഡിസംബറിൽ 450 രൂപയുടെ പാർക്കർ പേന വാങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പേനയ്ക്ക് രണ്ട് വർഷത്തെ വാറണ്ടി രേഖപ്പെടുത്തിയിരുന്നു. പിറ്റേദിവസം തന്നെ ഉപയോഗിക്കാൻ പറ്റാതായപ്പോൾ പേന മാറ്റി നൽകണമെന്ന് കടയുടമയോട് ആവശ്യപ്പെട്ടു. ഉത്പാദകരെ ബന്ധപ്പെട്ട് പരിഹാരം കാണാനായിരുന്നു വ്യാപാരി മറുപടി നൽകിയത്. തുടർന്ന് ഉപഭോക്താവ് നിയമപരമായ നോട്ടീസ് നൽകിയെങ്കിലും മറുപടിപോലും ലഭിച്ചില്ല. തുടർന്നാണ് ജോയി തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.കമ്മിഷൻ പേന പരിശോധിച്ച് സ്‌പ്രിങ് മെക്കാനിസം തകരാറുണ്ടെന്ന് ബോധ്യപ്പെട്ടു. കേരളത്തിലുള്ള പരാതിക്കാരന് നോയിഡയിലെ എതിർകക്ഷിയുമായി വ്യവഹാരം പ്രയാസമാണെന്നും കമ്മിഷൻ കണ്ടെത്തി.
ഒരു മുതിർന്ന പൗരനെ വ്യവഹാരത്തിലേയ്ക്കും മനക്ലേശത്തിലേയ്ക്കും തള്ളിവിട്ടതും വ്യാപാരിയുടെ തെറ്റായി വിധിച്ചു. നോട്ടീസിന് മറുപടി നൽകാത്തതിലും കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. ലാഭം നേടുന്നയാൾ എന്ന നിലയിൽ വ്യാപാരി ഉപഭോക്തൃ സേവനം നൽകേണ്ടതുണ്ടെന്നും വിധിയിലുണ്ട്. ഉത്പന്നം, യഥാർഥ രശീതി, നോട്ടീസിന്റെ കൈപ്പറ്റ് രശീതി എന്നിവയാണ് കോടതി തെളിവായി സ്വീകരിച്ചത്. സാക്ഷികളുണ്ടായില്ല. 3,000 രൂപ നഷ്ടപരിഹാരം, 2,000 രൂപ വ്യവഹാരച്ചെലവ് എന്ന നിലയ്ക്ക് പരാതിക്കാരന് നൽകാനാണ് തീർപ്പ്. 2021 ഒക്ടോബർ അഞ്ചിനാണ് വിധിയുണ്ടായത്.

45 ദിവസത്തിനകം തുക നൽകണം. അല്ലാത്തപക്ഷം ഒമ്പത് ശതമാനം നിരക്കിൽ പലിശ ഈടാക്കപ്പെടുമെന്നും വിധിയിലുണ്ട്. വ്യാപാരിക്ക് നഷ്ടം ഈടാക്കാൻ ഉത്പാദകനെതിരേ നിയമനടപടികൾ സ്വീകരിക്കാമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. കമ്മിഷൻ അധ്യക്ഷൻ വിനയ് മേനോൻ, അംഗം എം. വിദ്യ എന്നിവരാണ് തീർപ്പുകൽപ്പിച്ചത്.