ശ്രീകൃഷ്ണപുരം: ആശുപത്രി ജംഗ്ഷനില്‍ നിന്നും ഒറ്റനമ്പര്‍ എഴുത്തു ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടു പേരെ ശ്രീകൃഷ്ണപുരം സി.ഐ. കെ.എം.ബിനീഷും സംഘവും പിടികൂടി. ആശുപത്രി ജംഗ്ഷനിലെ ധനലക്ഷ്മി ലോട്ടറി ഏജന്‍സി ഉടമ ചെത്തല്ലൂര്‍ ചെറുമുണ്ട നഗരത്ത് ഹരിശങ്കര്‍, മുന്‍ ഉടമ കുളക്കാട് ഓടന്പ്പറ വീട്ടില്‍ മുരളി എന്നിവരാണ് പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും, പണവും, നിരവധി ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ അടങ്ങിയ പുസ്തകവും കണ്ടെടുത്തു.
വ്യാഴാഴ്ച ഉച്ചയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടാനായത്. രാവിലെ പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉച്ചയോടു കൂടി വീണ്ടും മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.ശ്രീകൃഷ്ണപുരം കേന്ദ്രീകരിച്ച് ഒറ്റ നമ്പര്‍ എഴുത്ത് ലോട്ടറി ചൂതാട്ടം വ്യാപകമാണെന്ന് സി.ഐ. കെ.എം.ബിനീഷ് പറഞ്ഞു.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനായും, വാട്സാപ്പ് വഴിയുമാണ് ഹരിശങ്കറും, മുരളിയും ചേര്‍ന്ന് ഇടപാടുകള്‍ നടത്തുന്നത്. ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ അവസാന മൂന്നക്കമാണ് ചൂതാട്ടത്തിന് ഉപയോഗിക്കുന്നത്. ഇത് ഏത് നമ്പറാണെന്ന് പ്രവചിക്കലാണ് ചൂതാട്ടം. ഒരു നമ്പർ പ്രവചിക്കുന്നതിന് പത്തുരൂപയാണ് ഈടാക്കുന്നത്. പ്രവചിച്ച നമ്പർ ശരിയായാല്‍ 5000 രൂപ സമ്മാനം ലഭിക്കും. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കോട്ടപ്പുറം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള ലോബികള്‍ പിടിമുറുക്കിയിട്ടുണ്ടെന്നും, വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും സി.ഐ. പറഞ്ഞു.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.