വീഴ്മലയിൽ നിന്നും ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍.

വടക്കഞ്ചേരി: ആലത്തൂര്‍ വനം റേഞ്ച് വടക്കഞ്ചേരി സെക്ഷനു കീഴിലെ വീഴ്മല വനത്തില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍.
സേലം ആത്തൂര്‍ സ്വദേശികളായ ലക്ഷ്മണന്‍(42), അശോക്‌ കുമാര്‍ (20), ശരത്കുമാര്‍(23) എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പ് അധികൃതര്‍ വ്യാഴാഴ്ച രാത്രി വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 34 കിലോഗ്രാം ചന്ദനമര കഷണങ്ങള്‍, മുറിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
വീഴ്മലയില്‍ ഇടയ്ക്കിടെ ചന്ദനമരങ്ങള്‍ മോഷണം പോകുന്നതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ആലത്തൂര്‍ റേഞ്ച് ഓഫീസര്‍ കെ.ആര്‍. കൃഷ്ണദാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ യു. സുരേഷ്ബാബു, നിഖില്‍കുമാര്‍, എന്‍.സി അനു, വാച്ചര്‍മാരായ പ്രകാശന്‍, തങ്കമണി, ഗിന്നസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.