ആനപ്പല്ല് വില്പന വടക്കഞ്ചേരി പാലക്കുഴി സ്വദേശി വനം വകുപ്പിന്റെ പിടിയിൽ.

വടക്കഞ്ചേരി: തൃശ്ശൂരില്‍ ആനപ്പല്ല് വിൽപന സംഘം വനം വകുപ്പിന്റെ പിടിയിലായി. പാലക്കാട് വടക്കഞ്ചേരി പാലക്കുഴി സ്വദേശി ഇല്ലിക്കല്‍ ജയ്‌മോന്‍ ആണ് പിടിയിലായത്. തൃശ്ശൂര്‍ ഫോറസ്റ്റ് ഫ്‌ളെയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് സംഘമാണ് പ്രതിയെ പിടികൂടിയത്. ഫോറസ്‌റ്റ് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൃശ്ശൂര്‍ ഫോറസ്റ്റ് ഫ്‌ളയിംങ് സ്‌ക്വഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഭാസി ബാഹുലേയനും സംഘവും നടത്തിയ പരിശോധനയില്‍ സ്വകാര്യ ബസില്‍ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പീച്ചി വന്യജീവി സങ്കേതത്തിന് സമീപം ആലത്തൂര്‍ റെയിഞ്ചിലെ പാലക്കുഴി വിലങ്ങന്‍ പാറ ഭാഗത്തു നിന്നാണ് ആനപ്പല്ല് എടുത്ത് ഇയാള്‍ വില്‍പ്പന നടത്തിയത്. ആനയുടെ ജഡാവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്നും കണ്ടെടുത്തു.പ്രതിയെ തുടരന്വേഷണത്തിനായി ആലത്തൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. ഇയാളില്‍ നിന്നും അനപ്പല്ല് വിലയ്ക്ക് വാങ്ങിയ തോമസ് പീറ്റര്‍ എന്നയാളെ മുണ്ടക്കയം ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടിയിട്ടുണ്ട്. പ്രതിയില്‍ നിന്നും ആനക്കൊമ്പ് പണം നല്‍കി വാങ്ങിയ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ വനംവകുപ്പ് ഊര്‍ജ്ജിതമാക്കി.