January 16, 2026

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. രാവിലെ റബര്‍ ടാപ്പിംഗിന് പോകുന്നതിനിടെയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മുണ്ടൂര്‍ സ്വദേശി ആന്റണിക്കാണ് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആന്റണിയെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റി. വലതുഭാഗത്തെ വാരിയെല്ലുകള്‍ മുഴുവനായി പൊട്ടുകയും ഇടതുഭാഗത്തെ വാരിയെല്ലുകള്‍ക്ക് ക്ഷതം ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. വന്യമൃഗ ആക്രമണങ്ങള്‍ കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ കേരളത്തില്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. വന്യമൃഗശല്യം കാരണം കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ ജോലി ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.കാട്ടാനയും കാട്ടുപന്നിയുമെല്ലാം ചേര്‍ന്ന് കൃഷി നശിപ്പിക്കുന്നത് കൂടാതെ ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ ഭീഷണി ആകുകയാണ്.