അയിലൂരിൽ കാട്ടാനയുടെ വിളയാട്ടം; വ്യാപക കൃഷിനാശം.

നെന്മാറ: അയിലൂര്‍ പഞ്ചായത്തിലെ കല്‍ച്ചാടി, വടക്കന്‍ചിറ, ചള്ള, കോപ്പന്‍കുളമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ രണ്ടു ദിവസങ്ങളിലായി കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചു. നിരവധി കര്‍ഷകരുടെ വാഴ, തെങ്ങ്, കവുങ്ങ്​, റബര്‍ എന്നിവ നശിപ്പിച്ചു. രാത്രിസമയങ്ങളില്‍ കാട്ടാന വീട്ടുവളപ്പുകളിലെയും, കൃഷിസ്ഥലങ്ങളിലെയും ഫല വൃക്ഷങ്ങളാണ് നശിപ്പിച്ചത്. വനമേഖലയില്‍നിന്ന് 3 കിലോമീറ്ററോളം അകലെയുള്ള കൃഷിസ്ഥലങ്ങളിലാണ് കാട്ടാന എത്തിയത്. നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാട് സെക്​ഷനില്‍പെട്ട കല്‍ച്ചാടി വനമേഖലയില്‍നിന്നാണ് കാട്ടാന എത്തിയതെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറഞ്ഞു.

കല്യാണകണ്ടം ബാലചന്ദ്രന്‍, ചെന്താമരാക്ഷന്‍, പെരുമാങ്ങോട് മോഹന്‍ദാസ്, അബ്ദുല്‍ ഖാദര്‍ ചെവുണ്ണി, അബ്ബാസ് ഒറവന്‍ചിറ, ചന്ദ്രശേഖരന്‍ പിള്ള വടക്കന്‍ ചിറ, പനങ്ങാടന്‍ ജോര്‍ജ് തുടങ്ങിയ കര്‍ഷകരുടെ കൃഷി സ്ഥലങ്ങളിലൂടെ വന്ന കാട്ടാന തിരിച്ച്‌ കല്‍ച്ചാടി പുഴയിലൂടെ ഇറങ്ങി പുഴയ്ക്കു ​ എതിര്‍വശത്തുള്ള ചള്ള ഭാഗത്തുള്ള തോട്ടങ്ങളിലും കയറിയിറങ്ങി തെങ്ങിന്‍ തൈകളും കമുകും നശിപ്പിച്ചാണ് രാവിലെയോടെ മടങ്ങിയത്. അതിരാവിലെ റബര്‍തോട്ടങ്ങളില്‍ ടാപ്പിങ്ങിനുപോയ ടാപ്പിങ്​ തൊഴിലാളിയായ ശശിക്ക് മുന്നിലെത്തിയ ആന ശബ്ദമുണ്ടാക്കിയതോടെ ടാപ്പിങ്​ ഉപേക്ഷിച്ച്‌ തൊഴിലാളികള്‍ മടങ്ങി. ടാപ്പിങ് തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് ആന വനമേഖലയിലേക്ക് പോയി.

കാട്ടാന കൃഷിസ്ഥലങ്ങളില്‍ എത്തുന്നത് പതിവായതിനാല്‍ ശാശ്വത പരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വനമേഖലയില്‍ വൈദ്യുത വേലി ഉണ്ടെങ്കിലും രണ്ടിടത്ത് തകര്‍ത്താണ് കാട്ടാന കൃഷിസ്ഥലങ്ങളില്‍ ഇറങ്ങിയിരിക്കുന്നത്. വൈദ്യുത വേലി സ്ഥിരമായി പ്രവര്‍ത്തിക്കാത്തതും മരങ്ങള്‍ തള്ളിയിട്ട്​ ആനകള്‍ വേലി തകര്‍ക്കുന്നതുമാണ്​ കര്‍ഷകര്‍ക്ക്​ ദുരിതമായിരിക്കുന്നത്​.

പ്രദേശിക വാർത്തകൾക്ക്‌ മംഗലംഡാം മീഡിയ WhtsApp Group-ൽ അംഗമാവുക.