വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത : ദേശീയപാതാ അതോറിറ്റി സൗജന്യ ടോൾപാസ് നൽകില്ല.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ പിരിവ് കേന്ദ്രത്തിൽ പ്രദേശവാസികൾക്ക് സൗജന്യ പാസ് ലഭിക്കണമെങ്കിൽ കരാർ കമ്പനിയോ സർക്കാരോ കനിയണം.

ആറുവരിപ്പാതയും ടോൾ പിരിവ് കേന്ദ്രവും ദേശീയപാതാ അതോറിറ്റിയുടെ കീഴിൽ വരുന്നതാണെങ്കിലും സൗജന്യപാസ് നൽകാനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ടോൾ പിരിവ് കേന്ദ്രത്തിന്റെ നിശ്ചിത ദൂരപരിധിയിലെ താമസക്കാർക്ക് തുക ഈടാക്കി മാസപ്പാസാണ് നൽകാറുള്ളത്. വാളയാർ ടോൾ കേന്ദ്രത്തിൽ 20 കിലോമീറ്ററർ ചുറ്റളവിൽ 285 രൂപയും പാലിയേക്കരയിൽ 10 കിലോമീറ്റർ ചുറ്റളവിൽ 150 രൂപയുമാണ്. പാലിയേക്കരയിൽ പ്രദേശവാസികളുടെ മാസപ്പാസിന്റെ തുക സംസ്ഥാന സർക്കാരാണ് നൽകുന്നത്.
പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് സൗജന്യപാസ് ലഭിക്കണമെങ്കിൽ ഒന്നുങ്കിൽ പാലിയേക്കര മാതൃകയിൽ സർക്കാർ പണമടയ്ക്കണം. അല്ലെങ്കിൽ ടോൾ പിരിക്കുന്ന കരാർ കമ്പനി സൗജന്യപാസ് നൽകണം.

യാത്രക്കാർക്കുവേണ്ടി നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന ടോളുകൾ നിർത്താൻ സർക്കാർ ആലോചനകൾ നടത്തുമ്പോൾ വീണ്ടുമൊരു ടോൾ ഏറ്റെടുക്കാനുള്ള സാധ്യത കുറവാണ്. പ്രദേശവാസികൾക്ക് ഇളവനുദിക്കുക പ്രായോഗികമല്ലെന്നാണ് കരാർ കമ്പനി പറയുന്നത്.
ആറുവരിപ്പാതാ മുഖ്യ കരാർ കമ്പനിയായ കെ.എം.സി. മാർകോ ലൈൻസ് എന്ന കമ്പനിക്കാണ് ടോൾ പിരിക്കാൻ കരാർ നൽകിയിട്ടുള്ളത്. ടോൾ പിരിവ് ചുരുങ്ങിയത് 15 വർഷം നീണ്ടുനിൽക്കുന്നതിനാൽ പ്രദേശവാസികൾക്ക് നല്ലൊരു തുക മാസപ്പാസിനത്തിൽ ചെലവാകും. ടോൾ പിരിവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന സംയുക്ത സമരസമിതിയുടെ പ്രധാന ആവശ്യമാണ് സൗജന്യപാസ്. ആളുകളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന മന്ത്രി കെ. രാജന്റെ ഉറപ്പിലാണ് നാട്ടുകാരുടെ പ്രതീക്ഷ.

വാട്സ്ആപ്പിലൂടെ വാർത്തകൾ അറിയാൻ MangalamDam Media ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.