മദ്യശാലകളിലെ തിരക്ക് കുറക്കാൻ ക്യുആർ കോഡ് വരുന്നു.

പാലക്കാട്: മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ക്യൂആര്‍ കോഡ് വരുന്നു. ബിവ്റേജസ് ഔട്ട്‍ലെറ്റുകളില്‍ ബില്‍ നല്‍കുന്നത് വേഗത്തിലാക്കാന്‍ മദ്യ കുപ്പികളില്‍ ക്യൂആര്‍ കോഡ് പതിപ്പിക്കും. ഇതിനുള്ള നടപടി തുടങ്ങി. ഈ വര്‍ഷം തന്നെ ക്യൂആര്‍ കോഡ് സംവിധാനം നടപ്പാക്കും.

സംസ്ഥാനത്ത് 17 വെയര്‍ഹൗസുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ ഒന്ന് പാലക്കാടാണ് ആരംഭിക്കുന്നത്. മേനോന്‍പാറ, പാലക്കാട് എന്നി വെയര്‍ഹൗസുകള്‍ക്ക് പുറമെ മൂന്നാമത്തെയാണ് ജില്ലയില്‍ ആരംഭിക്കുന്നത്.

പാലക്കാട് ഒരു വെയര്‍ഹൗസ് കൂടി

ജില്ലയില്‍ 21 ബിവ്റേജസ് ഔട്ട്‍ലെറ്റുകളും രണ്ട് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലൈറ്റുകളുമാണ് ഉള്ളത്. ഇവയ്ക്ക് ആവശ്യമായ മദ്യം സൂക്ഷിക്കാന്‍ നിലവില്‍ സ്ഥലമില്ല. പാലക്കാട് അടക്കം പഴയ കെട്ടിടത്തിലാണ് വെയര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഈ പരിമിതി മറികടക്കാനാണ് ഒരു വെയര്‍ഹൗസ് കൂടി ആരംഭിക്കുന്നത്.

വെയര്‍ഹൗസ് സ്ഥാപിക്കുന്ന സ്ഥലം തീരുമാനിച്ചില്ലെങ്കിലും പട്ടാമ്പി, ഒറ്റപ്പാലം എന്നിവ പരിഗണനയിലുണ്ട്. ഇതിനൊപ്പമാണ് ഔട്ട്‍ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളും.
ജില്ലയിലെ പല ഔട്ട്‍ലൈറ്റുകളിലും വലിയ തിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. മദ്യം നല്‍കുമ്പോള്‍ ബില്ല് അടിക്കാനുള്ള കാലതാമസമാണ് ഈ തിരക്കിന് കാരണം.

തിരക്കൊഴിവാക്കാന്‍ ക്യൂആര്‍ കോഡ്

മദ്യത്തിന്‍റെ പേരും കോഡും അടിച്ചാണ് നിലവില്‍ ഔട്ട്‍ലെറ്റില്‍ ബില്ലടിക്കുന്നത്. ഒരാളുടെ ബില്ലടിക്കാന്‍ മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ സമയം എടുക്കുന്നു. മദ്യകുപ്പികളില്‍ കോഡ് രേഖപ്പെടുത്താന്‍ വെയര്‍ഹൗസുകളില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ക്യൂആര്‍ കോഡ് വരുന്നതോടെ ബില്‍ നല്‍കുന്നത് വേഗത്തിലാകും. ഇതോടെ ഔട്ട്‍ലെറ്റുകളിലെ തിരക്കും കുറയുമെന്നാണ് പ്രതീക്ഷ.

വെയര്‍ഹൗസുകളിലെ കോഡ് രേഖപ്പെടുത്തിയിരുന്ന ജീവനക്കാരെ ഔട്ട്‍ലെറ്റുകളിലേക്ക് പുനര്‍വിന്യസിക്കും. ഔട്ട്‍ലെറ്റുകളിലെ തിരക്ക് കുറച്ച്‌ ആധുനികവല്‍ക്കരിക്കണമെന്ന് ഹൈക്കോടതി അടക്കം നിര്‍ദേശിച്ചിരുന്നു. ഇതിനായി കൂടുതല്‍ ഔട്ട്‍ലെറ്റുകള്‍ തുറക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 179 പുതിയ ഔട്ട്‍ലെറ്റുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ 12 ഓളം ഔട്ട്‍ലെറ്റുകള്‍ പാലക്കാട് സ്ഥാപിക്കുന്നത്. കൂടുതല്‍ ഔട്ട്‍ലെറ്റുകള്‍ വരുന്നത് മദ്യം തേടിയുള്ള നീണ്ട നിര ഇല്ലാതാക്കും.

▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ നിങ്ങളുടെ ഫോണിൽ ലഭ്യമാകുവാൻ ഇതിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.