ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോട്ടയം സ്വദേശിനിയായ 42 വയസുകാരി.

കോട്ടയം: ഒറ്റ പ്രസവത്തില്‍ 4 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോട്ടയം സ്വദേശിനിയായ 42 വയസുകാരി. അതിരമ്പുഴ സ്വദേശിയായ സുരേഷിനും ഭാര്യ പ്രസന്നകുമാരിക്കുമാണ് ഒരു കുഞ്ഞിക്കാല് കാണാന്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നാല് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാകാനുള്ള ഭാഗ്യം ലഭിച്ചത്. മൂന്ന് ആണ്‍കുഞ്ഞുങ്ങള്‍ക്കും, ഒരു പെണ്‍കുഞ്ഞിനുമാണ് ഒറ്റ പ്രസവത്തിലൂടെ പ്രസന്നകുമാരി ജന്മം നല്‍കിയത്.

നേരത്തെ ഐവിഎഫ് ചികിത്സ നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പ്രസന്നകുമാരി കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് കീഴില്‍ നടത്തിയ ചികിത്സയിലാണ് സാധാരണ നിലയില്‍ ഗര്‍ഭം ധരിച്ചത്. എട്ട് മാസം പൂര്‍ത്തിയായപ്പോഴാണ് മറ്റ് പ്രതിസന്ധികളാന്നും കൂടാതെ സിസേറിയനിലൂടെ കുട്ടികളെ പുറത്തെടുത്തത്. കുട്ടികള്‍ക്ക് ഒരു ദിവസത്തെ വെന്‍റിലേറ്റര്‍ സഹായം മാത്രമേ ആവശ്യമായി വന്നുള്ളൂ.

തുടക്കത്തിലുള്ള പരിശോധനയില്‍ നാല് കുഞ്ഞുങ്ങളുണ്ടെന്നത് അറിഞ്ഞതോടെ സീനിയര്‍ ഗൈനെക്കോളജി കണ്‍സള്‍ട്ടന്റ് ഡോ.ഹരീഷ് ചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ചികിത്സയും ആശുപത്രി ഒരുക്കിയിരുന്നതായി കാരിത്താസ് ആശുപത്രി ഡയറക്റ്റര്‍ ഫാ.ഡോ. ബിനു കുന്നത്ത് പറഞ്ഞു. ഒരാഴ്ച നീണ്ട പരിചരണത്തിന് ശേഷം അമ്മയും, കുഞ്ഞുങ്ങളും ആശുപത്രി വിട്ടു.

1.48kg, 1.28kg, 1.12kg, 0.80gram എന്നിങ്ങനെയായിരുന്നു കുഞ്ഞുങ്ങളുടെ തൂക്കം. ഈ അപൂര്‍വ സാഹചര്യത്തില്‍ കുട്ടികളുടെ ചികിസയുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം കാരിത്താസ് ആശുപത്രി സൗജന്യമായി ലഭ്യമാക്കിട്ടുണ്ട്.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.