January 15, 2026

കാട്ടിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.

മുതലമട: ചപ്പക്കാട് മൊണ്ടിപതിക്ക് മേലെ ആലാംപാറയില്‍ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പ്രദേശത്ത് മുളവെട്ടാന്‍ പോയ ആളാണ് തലയോട്ടി കണ്ടതായി നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

പോലീസിന് പുറമെ ക്രൈംബ്രാഞ്ച്, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. കാടുപിടിച്ചു കിടക്കുന്ന പ്രദേശത്താണ് തലയോട്ടി കിടന്നിരുന്നത്. മഴക്കാലത്ത് ഇവിടെ നീരൊഴുക്ക് ഉണ്ടാകാറുണ്ട്. ചപ്പക്കാട് നിന്ന് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് ആയതിനാലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധനയ്‌ക്ക് എത്തിയത്.

ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ സ്റ്റീഫന്‍ എന്ന സാമുവല്‍, മുരുകേശന്‍ എന്നിവരെ 166 ദിവസം മുന്‍പാണ് കാണാതായത്. ഇന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രീയ വിദഗ്ധരും തലയോട്ടി കണ്ട സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാകൂ എന്നും പോലീസ് പറഞ്ഞു.

വാർത്തകൾ മംഗലംഡാം മീഡിയയിലൂടെ അറിയാൻ WhtsApp Group-ൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.