വടക്കഞ്ചേരി: പന്നിയങ്കരയില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ നടന്ന യോഗം അന്തിമ തീരുമാനമെടുക്കാനാകാതെ പിരിഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത നാഷണല്‍ ഹൈവെ അഥോറിറ്റി, കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് ടോള്‍ നിരക്കില്‍ ഇളവ് നല്കാന് അധികാരമില്ലെന്ന നിലപാടാണ് യോഗം തീരുമാനമാകാതെ പിരിയാന്‍ കാരണമായത്.
ഹയര്‍ അധികാരികളുമായി ചര്‍ച്ച ചെയ്ത് ഇന്നോ നാളെയോ വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത എം പി രമ്യ ഹരിദാസും എംഎല്‍എ പി പി സുമോദും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതുവരെ നിലവിലുള്ള സ്ഥിതി തുടരണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എം പി, എംഎല്‍എ എന്നിവര്‍ക്കു പുറമെ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസുടമകള്‍, ടിപ്പര്‍ ഉടമകള്‍ തുടങ്ങിയവരുടെയെല്ലാം പ്രധാന ആവശ്യം നിശ്ചയിച്ചിട്ടുള്ള ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് തന്നെയായിരുന്നു.
60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയായി.
പന്നിയങ്കര ടോള്‍ പ്ലാസ യും പാലിയേക്കര ടോള്‍ പ്ലാസയും തമ്മില്‍ 40 കിലോമീറ്ററില്‍ താഴെ മാത്രമാണ് ദൂരം.
ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കും വടക്കഞ്ചേരി മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത് തൃശൂര്‍ ജില്ലയെയാണ്. ദൈനംദിന യാത്രകള്‍ക്കെല്ലാം ടോള്‍ കൊടുക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് എംപി യോഗത്തില്‍ പറഞ്ഞു.
ഏറ്റവും വാഹന തിരക്കേറിയ പാത എന്ന നിലയില്‍ ദിവസം 35 ലക്ഷം രൂപ ടോള്‍ കളക്ഷന്‍ ഉള്ളപ്പോള്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത നാഷണല്‍ ഹൈവെ അഥോറിറ്റിയുടെയും കരാര്‍ കമ്പനിയുടെയും നിലപാട് ശരിയല്ലെന്ന് എംഎല്‍എ പി.പി.സുമോദ് നിലപാടെടുത്തു.
പാലിയേക്കരയിലും വാളയാറിലും ഇല്ലാത്ത അതിഭീമമായ ടോള്നിരക്കാണ് പന്നിയങ്കരയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ബസുടമ ഭാരവാഹിയായ ജോസ് കുഴുപ്പില്‍ പറഞ്ഞു.
വാളയാറില്‍ ഒരുമാസത്തേക്ക് 2100 രൂപയും പാലിയേക്കരയില്‍ ഇത് 525 രൂപ മാത്രമാണ്. എന്നാല്‍ പന്നിയങ്കരയില്‍ ഒരു മാസത്തേക്ക് നിശ്ചയിച്ചിട്ടുള്ളത് 9400 രൂപയാണെന്നും അത് തന്നെ 50 ട്രിപ്പാക്കിയിരിക്കുകയാണെന്നും ബസുടമ ചൂണ്ടിക്കാട്ടി.
നിശ്ചയിച്ച നിരക്ക് തന്നെ വാങ്ങാനാണ് തീരുമാനമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ജോസ് കുഴുപ്പില്‍ പറഞ്ഞു.
മാന്യമായ ടോള്‍ നിരക്കല്ലെങ്കില് ടോള്‍പ്ലാസ വഴി കടന്നു പോകുന്ന ബസുകളെല്ലാം ഓട്ടം നിര്‍ത്തുമെന്ന് ബസ് ഉടമകളുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപിനാഥ് വ്യക്തമാക്കി.
പാലിയേക്കരയില്‍ ഒരു ദിവസത്തേക്ക് ടോള്‍ ചുമത്തുമ്പോള്‍ പന്നിയങ്കരയില്‍ ഓരോ ട്രിപ്പിനും ഭീമമായ തുക ടോള്‍ നല്‍കേണ്ട ഗതിക്കേടിലാണെന്ന് ടിപ്പര്‍ ആന്‍ഡ് ടോറസ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്സണ് പടമാടന് പറഞ്ഞു.
പ്രദേശവാസികള്‍ക്ക് ഒരുമാസത്തേക്ക് നിശ്ചയിച്ചിട്ടുള്ള 285 രൂപ നിരക്ക് ഒരുവര്ഷത്തേക്കാക്കി ദീര്‍ഘിപ്പിച്ച് ഇളവുചെയ്യണമെന്ന് ജനകീയവേദി ഭാരവാഹിയായ ഡോ. വാസുദേവന്‍ പിള്ള ആവശ്യപ്പെട്ടു.
ടോള്‍ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഹയര്‍ ലെവല്‍ ചര്‍ച്ച വേണമെന്നും ജില്ലാതല ചര്‍ച്ച മതിയാകില്ലെന്ന് മറുപടി പ്രസംഗത്തില്‍ കളക്ടര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സുരേഷ്, സുമതി ടീച്ചര്‍, കവിത മാധവന്, കെ.എല്‍ രമേഷ് വിവിധ രാഷ്ട്രിയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പാളയം പ്രദീപ്, ഡോ.അര്സലന് നിസാം, ജയപ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, കളക്ടര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ഉത്തരവാദപ്പെട്ടവര്‍ പങ്കെടുക്കാതെ ജനങ്ങളെയൊന്നാകെ ദ്രോഹിക്കുന്ന സമീപനമാണ് നാഷണല്‍ ഹൈവേ അഥോറിറ്റിയും കരാര്‍ കമ്പനിയും സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രശ്നപരിഹാരത്തിനായി വിളിച്ചുകൂട്ടിയ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ളവരെ ചുമതലപ്പെടുത്താതെ ചര്‍ച്ച പ്രഹസനമാക്കുന്ന നിലപാട് ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് യോഗത്തിനെത്തിയവര്‍ പറഞ്ഞു.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.