വാഹനങ്ങൾ വാടകയ്ക്കെടുത്ത് തട്ടിപ്പു നടത്തുന്ന ആലത്തൂർ സ്വദേശി ഉൾപ്പെടെ 3 പേർ പോലീസിന്റെ പിടിയിൽ.

ചെങ്ങന്നൂര്‍: ഓണ്‍ലൈന്‍ വഴി വരുന്ന പരസ്യം കണ്ട്‌ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ തട്ടിപ്പ്‌ നടത്തുന്ന മൂന്നംഗ സംഘം അറസ്‌റ്റില്‍. പാലക്കാട്‌ ആലത്തൂര്‍ കാട്ടുശേരി പൊട്ടിമട വീട്ടില്‍ അനൂപ്‌കുമാര്‍ (32), ആലപ്പുഴ മണ്ണഞ്ചേരി ആര്യാട്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന അമ്പലപ്പുഴ കോമളപുരം അവിലുക്കുന്ന്‌ വെളിയില്‍ വീട്ടില്‍ അജിത്ത്‌ (28), കോയമ്പത്തൂര്‍ തെലുങ്കുപാളയം പി.എന്‍.പുത്തൂര്‍ ആര്‍.എസ്‌ പുരം ജഗദീഷ്‌ നഗറില്‍ നടരാജ്‌ (32) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

ആലപ്പുഴ, കോയമ്പത്തൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നാണ്‌ പ്രത്യേക സംഘം ഇവരെ പിടികൂടിയത്‌. പുലിയൂര്‍ കുളിക്കാംപാലം ചെറുകര തെക്കേതില്‍ രതീഷിന്റെ മാരുതി ബലേനോ, ചെങ്ങന്നൂര്‍ കാഞ്ഞിരത്തുംമൂട്‌ ശിവദാസ്‌ ഭവനില്‍ രതീഷിന്റെ മാരുതി സ്വിഫ്‌റ്റ്‌ എന്നീ വാഹനങ്ങള്‍ തട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. വാഹനങ്ങള്‍ വാടകയ്‌ക്കായി സൈറ്റില്‍ നല്‍കുന്ന പരസ്യം കണ്ടാണ്‌ ഇവര്‍ ഉടമകളെ സമീപിക്കുന്നത്‌.

ജനുവരി 22 നാണ്‌ രതീഷിന്റെ വാഹനം ആലപ്പുഴ സ്വദേശിയായ അരുണ്‍, അറസ്‌റ്റിലായ അനൂപ്‌, അജിത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ 5,000 രൂപ അഡ്വാന്‍സ്‌ നല്‍കിയ ശേഷം കൊണ്ടുപോയത്‌. 1000 രൂപയായിരുന്നു ദിവസ വാടക. എന്നാല്‍ വാടക നല്‍കാത്തതിനെത്തുടര്‍ന്ന്‌ വാഹനം ചോദിച്ചെങ്കിലും മറുപടി കിട്ടാതായി. ഇതേത്തുടര്‍ന്നാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. ഇതില്‍ അരുണിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇനിയും കിട്ടാനുണ്ട്‌. ആധാര്‍ കാര്‍ഡ്‌ പകര്‍പ്പുകളും വ്യാജമായിരുന്നു. വ്യാജ ഐ.ഡി കാര്‍ഡുകള്‍, സ്‌റ്റാഫ്‌ കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചാണ്‌ വാഹനങ്ങള്‍ കൊണ്ടുപോയത്‌.

ഡിവൈ.എസ്‌.പി. ഡോ.ആര്‍.ജോസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. മണ്ണഞ്ചേരില്‍ താമസിക്കുന്ന അജിത്തിനെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ ഒന്നാം പ്രതി അനൂപിനെ ബംഗളുരുവില്‍ നിന്നുമാണ്‌ പിടികൂടിയത്‌. ഇയാളുടെ പേരില്‍ തൊടുപുഴ, പാലക്കാട്‌ തെക്ക്‌, വടക്ക്‌, കൊടുവള്ളി, ആലത്തൂര്‍, ചിറ്റൂര്‍ പോലീസ്‌ സ്‌റ്റേഷനുകളില്‍ കേസുണ്ട്‌. തമിഴ്‌നാട്‌ ആനമല സ്‌റ്റേഷനില്‍ ഒന്നരക്കോടിയുടെ തട്ടിപ്പ്‌ കേസും നിലവിലുണ്ട്‌. രണ്ടാം പ്രതി അജിത്ത്‌ കളമശേരി, തൃക്കാക്കര, ചെങ്ങന്നൂര്‍ പോലീസ്‌ സ്‌റ്റേഷനിലും മുക്കുപണ്ടം പണയം വച്ച്‌ തട്ടിപ്പ്‌ നടത്തിയതിന്‌ തൃക്കാക്കരയില്‍ മറ്റൊരു കേസും നിലവിലുണ്ട്‌. വാഹനമെടുത്ത്‌ കോയമ്പത്തൂരില്‍ പണയം വയ്‌ക്കാന്‍ സഹായിച്ചതിനാണ്‌ നടരാജന്‍ അറസ്‌റ്റിലായത്‌.

വാഹനം കണ്ടെത്തിയിട്ടില്ല. പ്രതികള്‍ തൃശൂര്‍, എറണാകുളം, മാരാരിക്കുളം തുടങ്ങി വിവിധ സ്‌ഥലങ്ങളില്‍നിന്നു വാടകയ്‌ക്ക്‌ കാര്‍ എടുക്കുകയും മറിച്ച്‌ വില്‍ക്കുകയും ചിലത്‌ പണയം വച്ച്‌ പണം വാങ്ങിക്കുകയും ചെയ്‌തിട്ടുള്ളതായി പോലീസ്‌ പറഞ്ഞു. എസ്‌.എച്ച്‌.ഒ. ജോസ്‌ മാത്യു, എസ്‌.ഐ. അഭിലാഷ്‌ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ്‌ അന്വേഷണം നടത്തിയത്‌. സി.പി.ഒ മാരായ ഉണ്ണിക്കൃഷ്‌ണപിള്ള, അരുണ്‍ഭാസ്‌കര്‍, ഷെഫീക്ക്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.