നെന്മാറ: ജനവാസ മേഖലയായ കരിമ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി റോഡില്‍ നിലയുറപ്പിച്ചത് പ്രദേശവാസികള്‍ ഏറെനേരം ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് മൂന്ന് മുതിര്‍ന്ന ആനകളും ഒരു കുട്ടിയാനയും അടങ്ങുന്ന കാട്ടാനക്കൂട്ടം ബസ് സ്റ്റോപ്പിനടുത്തുള്ള ചായക്കടയ്ക്കു സമീപമുള്ള റോഡില്‍ നിലയുറപ്പിച്ചത്. റോഡിനോടുചേര്‍ന്ന് പോത്തുണ്ടി ജലസേചന കനാല്‍ ഉള്ളതിനാല്‍ സമീപത്തെ കൃഷിയിടത്തിലേക്ക് കാട്ടാന കൂട്ടത്തിന് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
അതിനിടെ ഇരുചക്രവാഹനത്തില്‍ വന്ന ദമ്പതികളാണ് ആനക്കൂട്ടത്തെ റോഡില്‍ കണ്ട് ബഹളംവച്ച് സമീപത്തെ വീട്ടിലുള്ളവരെ വിവരമറിയിച്ചത്. വൈകുന്നേരം മുതല്‍ തന്നെ തുടര്‍ച്ചയായി മഴ ഉണ്ടായിരുന്നതിനാല്‍ റോഡിലൂടെ വാഹനങ്ങള്‍ കുറവായിരുന്നു. ആനക്കൂട്ടത്തെ റോഡില്‍ കണ്ടതിനെത്തുടര്‍ന്ന് പടക്കവും ലൈറ്റുകളുമായി പരിസരവാസികള്‍ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് കാട്ടാനക്കൂട്ടം സമീപത്തെ കാട്ടിനുള്ളിലേക്ക് കയറി നിലയുറപ്പിച്ചു.
സൗരോര്‍ജ വൈദ്യുത വേലിയിലേക്ക് തേക്കുമരം തള്ളിയിട്ട് വേലി തകര്‍ത്താണ് കാട്ടാന വീടുകള്‍ക്കു സമീപം റോഡില്‍ ഇറങ്ങിയത്. പ്രദേശവാസികള്‍ കൂട്ടമായെത്തി പടക്കവും പന്തവുമായി ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് കാട്ടാനകള്‍ ഉള്‍വനത്തിലേക്ക് മാറിയതോടെ വൈദ്യുത വേലിയില്‍ വീണ മരം മുറിച്ചുമാറ്റി. രാത്രി തന്നെ വൈദ്യുതവേലി തകര്‍ന്ന ഭാഗം ഉയര്‍ത്തി നിര്‍ത്തിയാണ് കാട്ടാന തിരിച്ച് ഇറങ്ങുന്നത് പ്രതിരോധിച്ചത്. പ്രദേശവാസികളായ അരുണ്‍, കൃഷ്ണന്, രാജന്, മാത്യു, റോയ്, തുടങ്ങിയവര്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു കയറ്റി വിടുന്നതിനു പെരുമഴയത്തും വൈദ്യുതവേലിക്കു മുകളിലൂടെ റോഡിലേക്ക് വീണ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനുമായി ഏറെ പണിപ്പെടേണ്ടി വന്നു.
പുലര്‍ച്ചെ മൂന്നുവരെ തളിപ്പാടം മുതല്‍ കരിമ്പാറ വരെയുള്ള പ്രദേശത്ത് ജനങ്ങള്‍ പടക്കം പൊട്ടിച്ചു ലൈറ്റുകള്‍ തെളിച്ചും കാവലിരുന്നു. പ്രദേശത്തെ തെരുവുവിളക്കുകൾ പൂർണമായും കത്താത്തത് കാട്ടാനകൾ ഇറങ്ങുന്നതിനു സഹായകമായെന്ന് ബിനോയ് മാത്യു പറഞ്ഞു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.