6 കിലോ കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ട കണ്ടെയ്നർ സാബു ഉൾപ്പെടെ 2 പേർ എക്സൈസ് പിടിയിൽ.

പാലക്കാട്: 6 കിലോ കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ട കണ്ടെയ്നർ സാബു ഉൾപ്പെടെ 2 പേർ എക്സൈസ് പിടിയിൽ. എറണാകുളം-കണയന്നൂർ സ്വദേശി കണ്ടെയ്നർ സാബു എന്ന സാബു ജോർജ്(39), കോഴിക്കോട് സ്വദേശി റോജസ് എന്ന് വിളിക്കുന്ന ജിസ്സ്മോൻ(35)എന്നിവരാണ് സംയുക്ത എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ പിടിയിലായത്. ഇവരിൽ നിന്ന് 40000 രൂപയും കണ്ടെത്തി.

വാളയാർ ടോൾപ്ലാസയിൽ വാഹനപരിശോധന നടത്തുന്ന സമയത്ത് KL 18 V 6540 നമ്പർ കാറിൽ രണ്ടു പേർ ഇരിക്കുന്നത് കണ്ട്, പരിശോധനക്കായി തടഞ്ഞുവെങ്കിലും അപകടകരമായ രീതിയിൽ എക്സൈസ് ടീമിനെ വെട്ടിച്ചു കടന്നു പോകുകയായിരുന്നു. തുടർന്ന് പരിശോധന സംഘം സിനിമ സ്റ്റൈലിൽ കാറിനെ പിന്തുടർന്ന് പോവുകയും കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിൽ കടന്ന കാർ കോരയാർ പുഴയിൽ കുടുങ്ങുകയും ചെയ്തു.

കാറിൽ നിന്നും മറ്റൊരു പ്രതി ആയ റോജസ് എന്നയാൾ പുഴയിൽ ഇറങ്ങി ഓടിയെങ്കിലും കഞ്ചിക്കോട് ഭാഗങ്ങളിൽ നടത്തിയ വ്യാപക തിരച്ചിലിൽ പാരഗൺ സ്റ്റീൽ കമ്പനിക്ക് സമീപം വച്ച് ഇയാളെ പിടികൂടി. ഇയാൾക്ക് ആന്ധ്രയിൽ ഉൾപ്പെടെ 8 ഓളം കഞ്ചാവ് കടത്തു -മറ്റ് ക്രിമിനൽ കേസുകൾ ഉണ്ട്. കണ്ടെയ്നർ സാബു എറണാകുളം ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയും, ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്.