നായയെ കുളിപ്പിക്കുന്നതിനിടയിൽ വിദ്യാര്‍ഥിനി പാറമടയില്‍ മുങ്ങി മരിച്ചു.

ചിറ്റൂർ: വീടിനടുത്തുള്ള പാറമടയില്‍ നായയെ കുളിപ്പിക്കാനായി പോയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.

വീടിനുപിന്നിലുള്ള പാറമടയില്‍ കൂട്ടുകാരോടൊപ്പമെത്തിയ കുട്ടി നായയെ കുളിപ്പിക്കുന്നതിനിടെ കാല്‍ വഴുതി പാറമടയില്‍ വീഴുകയായിരുന്നു. ഒപ്പമുള്ളവരുടെ നിലവിളികേട്ട് സമീപത്തെ കടവില്‍ കുളിക്കാനെത്തിയവര്‍ ഓടിയെത്തിയാണ് ആര്യയെ കരയ്‌ക്കെത്തിച്ചത്. ഉടനെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പാലക്കാട് കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ: പ്രഭ.