പാലക്കാട്: പോലീസ് സേനയ്ക്ക് അകത്തും പുറത്തും ജനകീയ ഇടപെടലുകള്‍ നടത്തിയ വണ്ടാഴി പഞ്ചായത്ത് മുടപ്പല്ലൂര്‍ മംഗലംഡാം അംബാന്റെ വീട്ടില്‍ എം.ഹംസ എന്ന നിയമപാലകന്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും മെയ് മുപ്പത്തി ഒന്നിന് വിരമിക്കുന്നു.
പോലീസുകാര്‍ക്കിടയിലെ കലാകാരനും കലാകാരന്മാര്‍ക്കിടയിലെ പോലീസ് ഉദ്യോഗസ്ഥനുമാണ് പാലക്കാട് ട്രാഫിക് വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ എം. ഹംസ. സേവനമനുഷ്ഠിച്ച പോലീസ് സ്‌റ്റേഷനുകളിലെല്ലാം അദ്ദേഹം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും പ്രദേശത്തെ നിര്‍ധന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ജനമൈത്രിക്ക് കീഴില്‍ വ്യത്യസ്ത ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജീവിത വഴികളില്‍ ഉറച്ച കാല്‍മുദ്ര പതിച്ച്,അപ്രാപ്യമെന്ന് കരുതിയിരുന്ന പലതും നേടുന്നതിനും സമൂഹത്തിന് ഗുണകരമായ ചിലതൊക്കെ ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു.ദരിദ്ര കുടുംബത്തില്‍ പിറന്ന്, മാതാപിതാക്കളില്‍ നിന്ന് ലഭിച്ച പ്രാര്‍ത്ഥനയുടെയും അധ്വാനത്തിന്റെയും അച്ചടക്കത്തിന്റെതുമായ ജീവിതശൈലിയില്‍ വളരാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനിക്കുന്നു.
നല്ലൊരു അഭിനേതാവും ഗായകനും കൂടിയാണ്. കേരള പോലീസിനു വേണ്ടി പുറത്തിറക്കിയ ‘ഒപ്പമുണ്ട്’, ‘ഒരു പൂവിന്റെ പുഞ്ചിരി’ തുടങ്ങിയ ഷോര്‍ട്ട് ഫിലിമിലും സന്ദേശാത്മക ബോധവല്‍ക്കരണ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.സര്‍വീസില്‍ എത്തിയിട്ട് 34 വര്‍ഷം പിന്നിട്ടു. അന്നുമുതല്‍ കാക്കിയുടെ മഹത്വം എന്താണെന്ന് തിരിച്ചറിഞ്ഞ് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. പോലീസ് ജോലിയെന്നാല്‍ വെറും ശമ്പളം വാങ്ങിയുള്ള ജോലി മാത്രമല്ലെന്നും അതിന് സാമൂഹികവും മനുഷ്യത്വപരവുമായ കര്‍ത്തവ്യവും സമൂഹത്തോട് കടപ്പാടുമുണ്ടെന്ന് ജീവിതത്തിലുടനീളം പ്രകടമാക്കിയ ഹംസയുടെ മൂന്നു പതിറ്റാണ്ടു നീണ്ട സര്‍വീസിനാണ് പര്യവസാനമാകുന്നത്.
‘മൃദുഭാവേ ദൃഢകൃത്യേ’ എന്നതാണ് പോലീസിന്റെ ആപ്തവാക്യം. മൃദുവായി പെരുമാറുകയും ദൃഢമായി കര്‍ത്തവ്യം നിര്‍വഹിക്കുകയും ചെയ്യുക എന്ന് അര്‍ത്ഥം. അത് അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കി കാണിച്ചു ഇദ്ദേഹം.
പൊതുവെ നമ്മുടെ പോലീസിനെ കുറിച്ച് നല്ല അഭിപ്രായമല്ല ജനങ്ങള്‍ക്കുളത്, ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പ്രവൃത്തിയുടെ പേരില്‍ കേരള പോലീസിന് മൊത്തത്തില്‍ ആണ് പേരുദോഷം ഉണ്ടായിട്ടുള്ളത്. എന്നാല്‍ കേരള പോലീസില്‍ നന്മയുള്ള ഉദ്യോഗസ്ഥരും ഉണ്ടെന്ന് ഇദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം.
ലോക്ക് ഡൗണ്‍ പ്രവര്‍ത്തനങ്ങളില്‍ രാപ്പകലില്ലാതെ ജനങ്ങള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നു. മാത്രമല്ല,തെരുവില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടുപിടിച്ച് വിശപ്പകറ്റാനും ശ്രമിച്ചു. മരുന്നും വസ്ത്രവും നല്‍കിയും കുളിപ്പിച്ചും കരുണാര്‍ദ്രമായ കരുത്തും കൂട്ടായ്മയും ഈ മനുഷ്യസ്നേഹി പ്രകടമാക്കി. ഇതിനെല്ലാം കഴിഞ്ഞത് സഹപ്രവര്‍ത്തകരുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണെന്ന് ഹംസ പറയുന്നു.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ പുതിയ ദിശ നല്‍കുന്നതായി. പാട്ടു പാടിയും കവിത ചൊല്ലിയും കുട്ടികളെ കയ്യിലെടുക്കുന്നതായിരുന്നു ക്ലാസ്. 11വര്‍ഷത്തെ ജില്ലാ സായുധ സേന ക്യാമ്പ് ജീവിതത്തിനിടയില്‍, ഒരു ശിവരാത്രി ആഘോഷത്തില്‍ അന്നത്തെ അസ്സിസ്റ്റന്റ് കമാന്‍ഡ് ഡിസി ആയി വിരമിച്ച ടി.കെ. ചന്ദ്രന്‍ ഗാനമേളയില്‍ ധൈര്യം തന്നു പാടിപ്പിച്ചതാണ് കലയില്‍ വൈഭവമായത്.
2006 ല്‍ ആദ്യമായി യൂണിഫോം ഇട്ടുകൊണ്ട് കുട്ടികള്‍ക്കായി ക്ലാസ് എടുക്കാന്‍ പ്രേരിപ്പിച്ച അന്നത്തെ ഡിവൈഎസ്പി സണ്ണി ചാക്കോയും കൈപിടിച്ചുയര്‍ത്തിയ പ്രിയപ്പെട്ടവരാണ്. പ്രളയത്തിന്‍റെയും പകര്‍ച്ചവ്യാധിയുടെയും രൂക്ഷത അനുഭവിച്ച കുട്ടികള്‍ക്ക് മാനസിക സന്തോഷം നല്‍കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യാനായി. പോലീസ് സേനയുടെ കരുത്തും കര്‍മ്മശേഷിയും പ്രകടമായ സന്ദര്‍ഭമായിരുന്നു അത്.
ലോക്ക് ഡൗണ്‍ കാലത്ത് മാത്രമാണ് പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വസ്തനായിരുന്നു ഈ പോലീസ് ഓഫിസര്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പാവങ്ങളോടും കരുണ കാണിക്കുമ്പോൾ നമുക്ക് കിട്ടുന്ന ആത്മ സംതൃപ്തിയാണ് അവാര്‍ഡുകള്‍ എന്ന് ഈ നിയമപാലകന്‍ കരുതിപ്പോന്നു.
ജില്ലാ ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡ്യൂട്ടിയിലിരിക്കെ കോവിഡ് സമയത്തെ കുട്ടികളുടെ വിരസത മാറ്റാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഓണ്‍ലൈനായി കാവ്യാലാപനമത്സരം, കരോക്കെ സിനിമാഗാനാലാപന മത്സരം, പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമായി കരോക്കെ ഗാനാലാപനമത്സരം എന്നിവ നടത്തുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചത്, ജനമൈത്രി പോലീസ് സംസ്ഥാന നോഡല്‍ ഓഫീസറുടെ പ്രത്യേക പ്രശംസക്ക് പാത്രമായി.
ജനമൈത്രി ബീറ്റ് ഓഫീസര്‍മാരുമായി ചേര്‍ന്ന് വിവിധ സ്റ്റേഷന്‍ പരിധികളില്‍ ജനങ്ങളുമായുള്ള സമ്പർക്കം ഉറപ്പിക്കാനുതകുന്ന നിരവധി പരിപാടികളില്‍ സംബന്ധിച്ചു. പോലീസിനെപ്പറ്റി ഇപ്പോഴും പരാതികള്‍ ഉയരുമ്പോഴും മറുവശത്ത് പൊതുജനങ്ങളെ പോലീസ് മുഖവിലക്കെടുത്തുകൊണ്ടു അവരുടെ പ്രശ്നങ്ങളില്‍ അവരുടെ സമീപത്തു പോയി വിവരാന്വേഷണം നടത്തിയും, അവരിലൂടെ നാട്ടിലെ കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിലും പോലീസ് പൊതുജന ബന്ധം മെച്ചപ്പെടുത്തുന്നതിലും ജനമൈത്രി പോലീസ് സംവിധാനത്തിന് കഴിയുന്നുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
സംഘടനാ പ്രവര്‍ത്തനത്തില്‍ കെപിഎ, കെപിഒഎ സംഘടനകളില്‍ ജില്ലാ സംസ്ഥാന കമ്മിറ്റി മെമ്പർ ആയി പ്രവര്‍ത്തിച്ചു. പെരിങ്ങോട്ടുകുറിശ്ശി ആസ്ഥാനമായ ദയ ചാരിറ്റബിള്‍ ട്രസ്റ്റിലും കാരുണ്യ സംരംഭങ്ങളിലും സജീവമാണ്.
വിരമിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഈ നിയമ പാലകന്‍ സേവനത്തില്‍ തന്നെയാണ്. പെരുമാറ്റത്തിലുള്ള ലാളിത്യവും ആരുടെയും കൈപിടിച്ചും തോളില്‍ കൈയിട്ടും ഇഴയടുപ്പമുള്ള സൗഹാര്‍ദവും പുഞ്ചിരിയോടെയുള്ള സംസാരവും ഇദ്ദേഹത്തെ ഒരു ജനകീയ പോലീസ് എന്ന വിശേഷണത്തില്‍ നിര്‍ത്തുന്നു.
Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്‍