വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം.

കൊല്ലങ്കോട്: ആദിവാസി വീട്ടമ്മയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മണികണ്ഠന് (37) ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷനല്‍ കോടതിയുടേതാണ് വിധി. 2019 മാര്‍ച്ച്‌ മൂന്നിനാണ് പറമ്പിക്കുളം 30 ഏക്കര്‍ കോളനി സ്വദേശി ശിങ്കാരത്തിന്‍റെ ഭാര്യ കവിതയെ (48) പുളിയങ്കണ്ടി തോട്ടത്തിനടുത്ത തോട്ടില്‍ കൊന്ന് കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ മുതലമട ചുള്ളിയാര്‍മേട് ചിറ്റാപൊറ്റ സ്വദേശി മണികണ്ഠനെ ദിവസങ്ങള്‍ക്കകം തന്നെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെമ്മണാമ്പതിയിലെ പുളിയങ്കണ്ടിയില്‍ അബ്ദുറഹ്മാന്റെ തോട്ടത്തിലെ ജോലിക്കാരായിരുന്നു കവിതയും മണികണ്ഠനും. തോട്ടത്തിനകത്തെ കാവല്‍പുരയില്‍ കവിത ഭക്ഷണം കഴിക്കുന്നതിനിടെ മണികണ്ഠനുമായി വാക്കു തര്‍ക്കമുണ്ടായി. വഴക്കിനിടെ മണികണ്ഠന്‍ കവിതയെ വിറകുകൊണ്ട് തലക്കടിച്ചു. അടിയേറ്റു താഴെ വീണ ഇവര്‍ എഴുന്നേറ്റ് ഓടുന്നതിനിടെ പിന്തുടര്‍ന്ന് തലക്കടിച്ച്‌ വീഴ്ത്തിയശേഷം തോട്ടത്തില്‍നിന്നു പുറത്തുപോയി. വൈകീട്ട് മണികണ്ഠന്‍ തിരിച്ച്‌ എത്തിയപ്പോഴും കവിത അതേനിലയില്‍ കിടക്കുകയായിരുന്നു.

തുടര്‍ന്ന് കവിതയെ തോട്ടത്തിനരികിലെ നീര്‍ച്ചാലിനകത്ത് കുഴിച്ചിടാനായി കൊണ്ടിട്ടു. കുഴിച്ചുമൂടാന്‍ ശ്രമിക്കവെ കവിത എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മണികണ്ഠന്‍ തന്റെ കൈയിലുള്ള ഇരുമ്പ് മണ്‍വെട്ടി ഉപയോഗിച്ച്‌ തലക്കും മുഖത്തും അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മാര്‍ച്ച്‌ 11ന് മകന്‍ സുരേഷ് കവിതയെ കാണാനില്ലെന്ന് കാണിച്ച്‌ കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കി. മണികണ്ഠനെയും കാണാതായത് അന്വേഷണത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് മണികണ്ഠന്‍ പിടിയിലാവുകയും മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയും ചെയ്തു.

മൃതദേഹം പുറത്തെടുത്ത് അന്നത്തെ പാലക്കാട് ആര്‍.ഡി.ഒ ആര്‍. രേണുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നിയാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. 302, 201 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ജീവപര്യന്തത്തിനു പുറമെ 25,000 രൂപ പിഴയും വിധിച്ചു. പിഴ അടക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണം. അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സി.എം. സീമയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. ജയപ്രകാശ് ഹാജരായി.