January 15, 2026

ഇരുമ്പുഷീറ്റ് മോഷണം: വണ്ടാഴി സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ.

ആലത്തൂർ : ഇരുമ്പുഷീറ്റ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ ആലത്തൂർ പോലീസ് പിടികൂടി. വണ്ടാഴി നെല്ലിക്കോട് സ്വദേശിയായ ആർ. രാജേഷ് (32), ചിറ്റില്ലഞ്ചേരി പാഴിയോട് സ്വദേശി എസ്. സുബൈർ (37) എന്നിവരെയാണ് പിടികൂടിയത്. സംഭവത്തിൽ ചിറ്റില്ലഞ്ചേരി പാഴിയോട് സ്വദേശിയായ ആഷിഫിനെ പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണ്.
മലക്കുളം കനാൽ പാതയ്ക്ക് സമീപത്തുനിന്ന് മേയ് 16-ന് പുലർച്ചെ രണ്ടുമണിക്കാണ് ഒന്നരലക്ഷം രൂപ വിലവരുന്ന ഇരുമ്പുഷീറ്റുകൾ മോഷണം നടത്തിയത്. സമീപ പ്രദേശങ്ങളിലെ നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിൻസിപ്പൽ എസ്.ഐ. എം.ആർ. അരുൺകുമാർ, എസ്.ഐ.മാരായ സാം ജോർജ്, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന ആഷിഫിനെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി ആലത്തൂർ പോലീസ് പറഞ്ഞു.