✒️ബെന്നി വർഗീസ്
നെന്മാറ: കാലവർഷം പിൻവാങ്ങിയത് മൂലം നെൽപ്പാടങ്ങളിൽ വെള്ളമില്ല, ഇടവമാസം കഴിയാൻ ദിവസങ്ങൾ ശേഷിക്കെ ഒന്നാം വിള നടീലിന് ഇട്ട പാടങ്ങളിൽ വിതച്ച പച്ചില വളച്ചെടിയായ ഡെയിഞ്ച വളർന്നു കയറി ഒരാൾ പൊക്കമായി പൂവിട്ടു തുടങ്ങി. മിക്ക നെൽ പാടങ്ങളിലും ഒന്നര മാസം മുതൽ രണ്ടുമാസത്തിലേറെ ഡെയിഞ്ച വളർച്ചയായിയിട്ടുണ്ട്. 35-40 ദിവസങ്ങൾക്ക് മുമ്പ് ഡെയിഞ്ച തണ്ട് മൂക്കുന്നതിനു മുമ്പ് മണ്ണിൽ ഉഴുതു ചേർക്കേണ്ടതാണ്.
വെള്ളമില്ലാത്തതിനാൽ വളർന്നു കയറി തണ്ടുകൾ ബലം വെച്ച് നെൽപ്പാടങ്ങളിൽ ഒഴുതുമറിക്കാൻ പ്രയാസമായതായി കർഷകർ പറയുന്നു. സാധാരണ വളർച്ചയെത്തിയ പച്ചില വളചെടികൾ ട്രാക്ടർ ഉപയോഗിച്ച് ഒഴുതു മറിച്ച് കുറച്ചുദിവസം വെള്ളം കയറ്റി നിർത്തിയാൽ അഴുകി മണ്ണിൽ ചേരുകയും തുടർന്ന് പതിവുപോലെ ഉഴുതു ഞാറ് നടീൽ നടത്തുകയുമാണ് ചെയ്യാറുള്ളത്.
വേനൽ മഴയുടെ ശക്തിയിൽ വളർന്നു പന്തലിച്ച പച്ചില വളച്ചെടികളെ റോട്ടോവേറ്റർ പോലുള്ള മറ്റേതെങ്കിലും യന്ത്രമുപയോഗിച്ച് മുറിച്ച് പൊടിയാക്കെണ്ട അവസ്ഥ വന്നെന്നും അധിക സാമ്പത്തിക ചെലവ് ഉണ്ടാക്കുമെന്നും കർഷകർ പറയുന്നു. ഇനി പച്ചില വളച്ചെടികൾ പൂവിട്ടു തുടങ്ങിയാൽ വേരിൽ സംഭരിച്ച് വെച്ചിട്ടുള്ള നൈട്രജൻ നഷ്ടപ്പെടുമെന്നും കർഷകർ പറഞ്ഞു. ഇനി നെൽപ്പാടങ്ങളിൽ വെള്ളം സുലഭമായശേഷം ഡെയിഞ്ച ഉഴുതുമറിച്ച് ഒന്നാംവിള നടീലിന് തയ്യാറാക്കുമ്പോഴും സമയം വൈകുമെന്ന് കർഷകർ ആശങ്ക പങ്കുവെച്ചു.
നെന്മാറ,അയിലൂർ കൃഷിഭവൻ പരിധിയിൽ പോത്തുണ്ടി ജലസേചന കനാൽ മുഖേന വെള്ളം ലഭിക്കാത്ത പാടങ്ങളിലാണ് ഉഴുതുമറിക്കാൻ കഴിയാതെ ഡെയിഞ്ച വളർന്നു നിൽക്കുന്നത്.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.