ഞാറ്റടിയിൽ കീടബാധ നെൽ കർഷകർ ആശങ്കയിൽ.

പാലക്കാട്: ഒന്നാംവിള നെല്‍കൃഷിക്കായി തയ്യാറാക്കിയ ഞാറ്റടിയില്‍ കീടബാധ വ്യാപകമായതിനാല്‍ കര്‍ഷകര്‍ ആശങ്കയില്‍. ദിവസങ്ങള്‍ മാത്രം പ്രായമുള്ള നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. മഴ ഇല്ലാത്തതിനാല്‍ ഞാറുകള്‍ ഉണക്കുഭീഷണിയെ തുടര്‍ന്ന് ഏറെ പ്രതിസന്ധിയിലായിരിക്കുന്നതിനു പിന്നാലെയാണ് കീടബാധശല്യവും വ്യാപിച്ചിരിക്കുന്നത്.

ആലത്തൂര്‍, കുഴല്‍മന്ദം, എരിമയൂര്‍, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, എലപ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പൊല്‍പ്പുള്ളി, പട്ടഞ്ചേരി, തത്തമംഗലം തുടങ്ങിയ മേഖലകളിലെ ഞാറ്റടിയിലാണ് വ്യാപകമായി മഞ്ഞളിപ്പും, കരിഞ്ഞുണങ്ങലും. ഇതോടെ പ്രതിവിധിക്കായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

മഴ ഇല്ലാത്തതിനാല്‍ കനാല്‍ വെള്ളം ഉപയോഗിച്ച്‌ മിക്ക പ്രദേശങ്ങളിലും നിലമൊരുക്കല്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ കനാല്‍വെള്ളം എത്താത്ത വാലറ്റ പ്രദേശങ്ങളിലെ കര്‍ഷകര്‍ ഇപ്പോഴും ദുരിതത്തിലാണ്. കനാല്‍ വെള്ളം ആദ്യം ലഭ്യമായ ഇടങ്ങളില്‍ കര്‍ഷകര്‍ നടീല്‍ നടത്തിയ പാടങ്ങളിലും കീടബാധ ബാധിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.