പാലക്കാട് കാർ തട്ടിയെടുത്ത് രണ്ട് കോടിയിലധികം രൂപയുമായി കടന്നു; 3 പേർ അറസ്റ്റിൽ.

പാലക്കാട്: മുണ്ടൂർ വേലിക്കാട് നിന്ന് കാർ തട്ടിയെടുത്ത് രണ്ട് കോടിയിലധികം രൂപയുമായി കടന്ന കേസിൽ 3 പേർ അറസ്റ്റിൽ. നല്ലേപ്പുള്ളി സ്വദേശി വിനീത്, ചിറ്റൂർ സ്വദേശി ശിവദാസ്, പൊൽപ്പുള്ളി സ്വദേശി അജയൻ എന്നിവരെയാണ് കോങ്ങാട് പൊലീസ് പിടികൂടിയത്. ചെന്നൈ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിൽ പിക് അപ് വാനിട്ട് തടസം സൃഷ്ടിച്ച ശേഷം കാറില്‍ പിന്തുടർന്ന സംഘം യാത്രക്കാരെ മർദിച്ച് കാറുമായി കടന്നു കളയുകയായിരുന്നു.

ഈ മാസം 17ന് വേലിക്കാട് പാലത്തിന് സമീപം ചെന്നൈ സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച കാർ തട്ടിയെടുത്തത്. കവർച്ച സംഘം പിക് അപ് വാനിലും കാറിലുമാണ് എത്തിയത്. കാറിലുണ്ടായിരുന്നവരെ മർദിച്ച് പുറത്തിറക്കിയ ശേഷം വാഹനവുമായി കടന്നു കളയുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാർ പിറ്റേ ദിവസം തോലന്നൂർ ക്വാറിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ കാറിന്റെ രഹസ്യ അറയിലുണ്ടായിരുന്ന ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപയും പൊലീസിന് ലഭിച്ചു. മറ്റൊരു രഹസ്യ അറ തുറന്നാണ് തട്ടിപ്പ് സംഘം പണവുമായി കടന്നത്. രണ്ട് കോടിയിലധികം രൂപ നഷ്ടപ്പെട്ടെന്നാണ് കാറിലുണ്ടായിരുന്നവരുടെ മൊഴി.

എന്നാൽ ഇതിൽക്കൂടുതൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുന്നതിനിടെ വാഹനത്തിന് തടസമിട്ട പിക് അപ് വാൻ ചിറ്റൂരിലും ഉപേക്ഷിച്ചതായി കണ്ടു. ഈ വാഹനം ഓടിച്ചിരുന്നവർ ഉൾപ്പെടെയുള്ള മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. എന്നാൽ കാർ തട്ടിയെടുത്തവരെക്കുറിച്ച് അറിയില്ലെന്നാണ് യുവാക്കളുടെ മൊഴി. ഇത് പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് വാഹനവും ഓടിച്ചിരുന്നവരെക്കുറിച്ചും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

കുഴൽപ്പണക്കടത്ത് സംഘത്തിന്റെ ഇടപാടുകളാണ് തട്ടിപ്പിന് പിന്നിലെന്നാണ് നിഗമനം. പ്രധാന പ്രതികളെന്ന് സംശയിക്കുന്നവർ നേരത്തെയും കുഴൽപ്പണം കവർന്നതിന് പൊലീസ് പിടിയിലായിട്ടുള്ളവരാണ്. കോങ്ങാട് പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.