✒️ ബെന്നി വർഗീസ്
നെന്മാറ: നടീൽ കഴിഞ്ഞ വല്ലങ്ങി, നെന്മാറപ്പാടം, നെല്ലിപ്പാടം പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. കിളിയല്ലൂർ അറ്റാലക്കടവ് ചെക്ക്ഡാം കഴിഞ്ഞ വേനലിൽ രണ്ടടിയോളം പൊക്കം കൂട്ടിയതോടെ വല്ലങ്ങി, കിഴക്കേ കളം, നെന്മാറപ്പാടം തോട്ടിലെ വെള്ളം പുഴയിലേക്കുള്ള ഒഴുക്ക് നിലച്ച് നെൽപ്പാടങ്ങൾ വെള്ളത്തിനടിയിലായത്.
കഴിഞ്ഞ വേനലിലാണ് ഗായത്രി പുഴയിലെ അറ്റാലക്കടവ് തടയണ കൂടുതൽ ജലസംഭരണത്തിനായി രണ്ടടി പൊക്കം ഉയർത്തിയത്. മഴ ശക്തമായതോടെ നെല്ലിയാമ്പതി മലനിരകളിൽ നിന്ന് സീതാർകുണ്ട് ഇഷു നദി വഴിയും, ഗായത്രി പുഴ വഴിയും കൂടുതൽ വെള്ളം വന്ന് പുഴയിലെ ജലനിരപ്പ് ഉയർന്നതോടെയാണ് പുഴയിലേക്ക് ഒഴുകുന്ന തോടിലൂടെ വെള്ളം നെൽപ്പാടത്തേക്ക് തിരിച്ച് ഒഴുകി എത്തിത്തുടങ്ങിയത്.
മഴക്കാലത്ത് പുഴയിലെ അമിതവെള്ളം നിയന്ത്രിക്കാൻ ഉയരം കൂട്ടി പുതുക്കി പണിത അറ്റാലക്കടവ് ചെക്ക് ഡാമിൽ കൂടുതൽ ഷട്ടറുകൾ ഇല്ലാത്തതിനാലാണ് പുഴയിൽ നിന്നും വെള്ളം തോടിലൂടെ നെൽപ്പാടങ്ങളിൽ എത്താൻ കാരണമായതെന്ന് വല്ലങ്ങി, നെല്ലിപ്പാടം, കോരാംപറമ്പ്, തവളക്കുളം ഭാഗത്തെ നെൽക്കർഷകർ പരാതി പറഞ്ഞു. അറ്റാലക്കടവ് ചെക്ക് ഡാമിൽ കൂടുതൽ ഷട്ടറുകൾ സ്ഥാപിച്ച് മഴക്കാലത്ത് പുഴയിലെ അധിക ജലം ഒഴുക്കി കളയാൻ സംവിധാനം ഉണ്ടാക്കിയാൽ നെൽപ്പാടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയുമെന്ന് പ്രദേശത്തെ കർഷകനായ ജോതികുമാർ പറഞ്ഞു.
നെൽപ്പാടങ്ങളിലേക്ക് വെള്ളം കയറുന്ന പ്രശ്നം ആലത്തൂർ ജലസേചന അധികൃതർക്ക് പരാതി നൽകിയെങ്കിലും അവർ പരിശോധന നടത്തി മറ്റു നടപടികൾ സ്വീകരിച്ചില്ലെന്നും കർഷകർ പരാതി പറഞ്ഞു. അടിയന്തരമായി കൂടുതൽ ഷട്ടറുകൾ സ്ഥാപിച്ച് മഴക്കാലത്ത് പുഴയിൽ അമിതമായി വെള്ളം കെട്ടിനിന്ന് നെൽപ്പാടങ്ങളിലേക്ക് കയറുന്നത് തടയാൻ തടയണയിലൂടെ കൂടുതൽ വെള്ളം പുഴയിലേക്ക് ഒഴുക്കാൻ വേണ്ട നടപടി ഉണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
തടയണ ഉയർന്നു നിൽക്കുന്നതിനാൽ നെൽപ്പാടങ്ങളിൽ നിന്ന് പുഴയിലേക്കുള്ള വെള്ളമൊഴുക്ക് കുറഞ്ഞതോടെ നെല്ലിപ്പാടം പാടശേഖരം ദിവസങ്ങളായി പൂർണ്ണമായും വെള്ളത്തിനടിയിലായത് കർഷകരെ ആശങ്കയിലാക്കി. നല്ലൊരു തുക ചെലവാക്കി കൃഷി ഇറക്കിയ നെല്ലിപ്പാടം പാടശേഖരത്തിലെ കർഷകർ അശാസ്ത്രീയമായി നിർമ്മിച്ച തടയണ മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.