രണ്ടു മണിക്കൂർ വെള്ളം വിതരണം; രണ്ടാം ദിവസം 348 രൂപ ബില്ലുമായി വാട്ടർ അതോറിറ്റി.

നെന്മാറ: രണ്ടു മണിക്കൂർ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം വിതരണം ചെയ്ത കേരള വാട്ടർ അതോറിറ്റി തൊട്ടടുത്ത ദിവസം ഉപഭോക്താവിന് 348 രൂപയുടെ ബില്ല് നൽകി ഞെട്ടിച്ചത്. നെന്മാറ പി എച്ച് സെക്ഷനിൽ നിന്നാണ് പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി അയിലൂർ കൈതച്ചിറയിൽ നിർമ്മിച്ച ജലസംഭരണിയിൽ നിന്നാണ് കഴിഞ്ഞ ദിവസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ജലവിതരണം ആരംഭിച്ചത്.ജലവിതരണത്തിന്റെ പ്രധാന കുഴലിൽ മിക്കയിടത്തും പൊട്ടലും റോഡിലൂടെ വെള്ളമൊഴുകലും ഉണ്ടായിരിക്കയാണ് ഗാർഹിക കണക്ഷനുകൾക്ക് രാവിലെ രണ്ട് മണിക്കൂർ വെള്ളം വിതരണം ചെയ്തത്.

ഇരുപത്തിയൊന്നാം തീയതി മുതലാണ് പൈപ്പുകളിലൂടെ വീടുകളിൽ വെള്ളം എത്തിത്തുടങ്ങിയത്. 22ന് രാവിലെ ബില്ലുമായി ജീവനക്കാരും എത്തി. അവിചാരിതമായാണ് പൈപ്പിൽ വെള്ളം വരുന്ന കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനമോ, പൊതുജനങ്ങൾക്കുള്ള അറിയിപ്പൊ നൽകാതെയാണ് ജലവിതരണം ആരംഭിച്ചിട്ടുള്ളത്.

എന്നാൽ പൈപ്പിൽ വെള്ളം എത്തി എന്ന ആശ്വാസത്തിൽ ഇരിക്കെ രണ്ടാം ദിവസം 348 രൂപയുടെ കമ്പ്യൂട്ടർ അധിഷ്ഠിത ബില്ലുമായി വാട്ടർ അതോറിറ്റിയുടെ താൽക്കാലിക ജീവനക്കാർ വീടുകളിൽ എത്തി വിതരണം ചെയ്തു. 10 കുടം വെള്ളം പോലും ശരിക്ക് ഉപയോഗിക്കാൻ പറ്റാത്ത വീട്ടുകരെയാണ് ബില്ലുകൾ നൽകി ഞെട്ടിച്ചത്.

ബഹുഭൂരിപക്ഷം ഉപഭോക്താക്കളും ടാപ്പുകൾ അടഞ്ഞു കിടക്കുന്നതിനാൽ പൈപ്പിൽ വെള്ളം വിതരണം തുടങ്ങിയ കാര്യം പോലും അറിഞ്ഞിട്ടില്ല. ബിൽ തുക കിട്ടിയതോടെയാണ് മിക്കവരും പൈപ്പിൽ വെള്ളം വിതരണം ആരംഭിച്ച കാര്യം അറിയുന്നത്. ത്രൈമാസ മാസ വാട്ടർ ചാർജ് 318, ഇൻസ്പെക്ഷൻ ചാർജ് 30 എന്നിവ ചേർത്താണ് 348 രൂപയുടെ ബില്ലുകൾ ഉപഭോക്താക്കൾക്ക് നൽകിയത്. പിഴ കൂടാതെ ആഗസ്റ്റ് 9 വരെയും സമയം നൽകിയ ബില്ലാണ് നൽകിയിരിക്കുന്നത് വെള്ളം വിതരണം പൂർണ്ണ തോതിൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് ബില്ലും നൽകിയ വാട്ടർ അതോറിറ്റി നടപടിക്കെതിരെ ഡി.സി.സി സെക്രട്ടറിയും അയിലൂർ പഞ്ചായത്ത് അംഗവുമായ പത്മ ഗിരീശൻ പ്രതിഷേധവുമായി രംഗത്തെത്തി.

നെന്മാറ വാട്ടർ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെങ്കിലും ബിൽ തുക തൽക്കാലം അടക്കേണ്ടെന്ന് നിർദ്ദേശിച്ചതായി പറയുന്നു. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുമായി ബന്ധപ്പെട്ടപ്പോൾ കമ്പ്യൂട്ടറിൽ ഉപഭോക്ത രേഖ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബില്ല് ആണെന്നും ഇപ്പോൾ തുക അടക്കേണ്ടെന്നും പൊതുജനങ്ങളുടെ പരാതി സംബന്ധിച്ച് ഉന്നത അധികാരികൾക്ക് കത്തെഴുതിയിട്ടുണ്ടെന്നും അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ ആയതിനാൽ എല്ലാദിവസവും രാവിലെ രണ്ടുമണിക്കൂർ മുതൽ ഉച്ച വരെ വെള്ളം ലഭിക്കുമെന്നും വാട്ടർ അതോറിറ്റി എൻജിനീയർ അറിയിച്ചു. ഉപയോഗിക്കാത്ത വെള്ളത്തിന്റെ തുക ഒഴിവാക്കി തരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. അടുത്ത മൂന്നു മാസത്തെ തുക ഒന്നിച്ച് അടച്ചാൽ മതിയെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.