ഒലിപ്പാറ-കോട്ടയം, ഒലിപ്പാറ-പാല KSRTC സർവീസുകൾ ഇതുവരെ പുനരാരംഭിച്ചില്ല.

നെന്മാറ: നെന്മാറ നിയോജക മണ്ഡലത്തിലെ അയിലൂർ പഞ്ചായത്തിലെ ഗ്രാമീണ മേഖലയായ ഒലിപ്പാറ, കയറാടി, നെന്മാറ വഴി കോട്ടയത്തേക്കും, ഒലിപ്പാറ, മംഗലംഡാം വഴി പാലയിലേക്കുമുള്ള രണ്ടു കെ. എസ്. ആർ. ടി. സി. സർവീസുകൾ ഇതുവരെ പുനരാരംഭിച്ചില്ല. വിവിധ തലത്തിലുള്ള ജനപ്രതിനിധികളും, പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒലിപ്പാറ-നെന്മാറ-കോട്ടയം, ഒലിപ്പാറ-മംഗലംഡാം-പാല സർവീസുകൾ മാത്രമാണ് കോവിഡ് രണ്ടാം തരംഗത്തിനുശേഷം പുനരാരംഭിക്കാത്തത്.

മലയോര കുടിയേറ്റ മേഖലയായ ഒലിപ്പാറയിൽ നിന്ന് രാവിലെ ആറിന് സർവീസ് ആരംഭിച്ച് രാത്രി 8:30ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു കോട്ടയം സർവീസ്. രാവിലെ ഏഴിന് ആരംഭിച്ച് രാത്രി എട്ടിന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു പാലാ സർവീസ്. ഈ രണ്ടു സർവീസുകളും മലയോര കുടിയേറ്റ മേഖലയിലുള്ളവരുടെ പ്രധാന സഞ്ചാര സ്രോതസായിരുന്നു. പകൽ സമയത്ത് വാഹനം മാറി കേറാതെ കുടുംബവുമൊന്നിച്ച് ലക്ഷ്യസ്ഥാനം വരെ യാത്ര ചെയ്യാമെന്ന് ഒലിപ്പാറക്കാർ അഭിമാനംകൊണ്ട സർവീസുകളാണ് നിന്നു പോയത്.

വ്യാപാരം, ചികിത്സ തുടങ്ങി നാട്ടിലുള്ള ബന്ധുക്കളെ വരെ സന്ദർശിക്കാനും, അതിരാവിലെ തൃശ്ശൂർ-എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവർക്കും, തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം ഇന്റർസിറ്റി ട്രെയിൻ കണക്ഷനും, കോഴിക്കോട് റെയിൽ കണക്ഷനും ഏറെ സഹായകരമായിരുന്നു ഈ സർവീസുകൾ. ഒലിപ്പാറ-നെന്മാറ, ഒലിപ്പാറ-വടക്കഞ്ചേരി റൂട്ടുകളിൽ അൺലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചർ ആയും ശേഷിക്കുന്ന റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറായുമാണ് സർവീസ് നടത്തിയിരുന്നത്. കെ. എസ്. ആർ. ടി. സി.ക്ക് മികച്ച വരുമാനം ലഭിക്കുന്നതുമായ കോട്ടയം ഡിപ്പൊയിൽ നിന്നുള്ള സർവീസാണ് കെ.എസ്. ആർ.ടി.സി. പുനരാരംഭിക്കാത്തത്. നിയമസഭ, ലോകസഭ ജനപ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടും പ്രശ്നപരിഹാരമായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.