നെന്മാറ: വാട്ടർ അതോറിറ്റി അയിലൂർ ആയുർവേദ ആശുപത്രിയുടെയും, മൃഗാശുപത്രിയുടെയും കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചത്. ഒരേ കെട്ടിടത്തിൽ അയിലൂരിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയുടെയും, മൃഗാശുപത്രി സബ് സെന്ററിന്റെയും കുടിവെള്ള കണക്ഷന് 94,611 രൂപയാണ് 2017 മുതലുള്ള കുടിശികയായി വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത്.
വാട്ടർ അതോറിറ്റിയുടെ കുടിശ്ശിക പിരിച്ചെടുക്കാനുള്ള പ്രത്യേക അദാലത്ത് പദ്ധതിയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആയുർവേദ ആശുപത്രിയുടെയും, മൃഗാശുപത്രിയുടെയും കുടിവെള്ള കണക്ഷൻ വിച്ഛേദിക്കാൻ ഇടയായത്. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനമായതിനാൽ അതാത് വകുപ്പുകൾ പഞ്ചായത്തുകൾക്ക് തുക അലോട്ട്മെന്റ് നൽകി പഞ്ചായത്ത് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തുക നൽകിയാണ് അതാത് സ്ഥാപനങ്ങളിലെ വെള്ളം, വൈദ്യുതി, ടെലഫോൺ, ഇന്റർനെറ്റ്, തുടങ്ങിയ സേവനങ്ങൾക്കുള്ള തുക അടയ്ക്കാറുള്ളത്. വാട്ടർ അതോറിറ്റിയിലേക്ക് അടയ്ക്കേണ്ട കുടിവെള്ള കണക്ഷൻ തുക വർഷങ്ങളായി കുടിശ്ശികയായതോടെയാണ് കണക്ഷൻ വാട്ടർ അതോറിറ്റി വിച്ഛേദിച്ചത്.
ആശുപത്രിയിൽ എത്തുന്ന രോഗികൾക്കുള്ള കുടിവെള്ളവും, കഷായവും, മരുന്നും ഉണ്ടാക്കാനും അത്യാവശ്ശ്യം ശൗചാലയം ഉപയോഗിക്കാൻ പോലും രോഗികൾക്കും, ജീവനക്കാർക്കും പറ്റാത്ത സ്ഥിതിയായി. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയുടെ സബ് സെന്ററിനും ഇതേ ദുരവസ്ഥ തന്നെയാണ്. പഞ്ചായത്ത് അംഗം അനിൽ ആലിംഗലും ആശുപത്രി അധികൃതരും പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചതിനെ തുടർന്ന്. പഞ്ചായത്ത് പ്രസിഡണ്ടും അധികൃതരും വാട്ടർ അതോറിറ്റി ജീവനക്കാരുമായി ബന്ധപ്പെട്ടെങ്കിലും കുടിവെള്ള കണക്ഷൻ പുനസ്ഥാപിച്ചു നൽകിയില്ല.
വാട്ടർ അതോറിറ്റി ആംനെസ്റ്റി എന്ന പേരിൽ നടത്തുന്ന അദാലത്തിന് പിഴയും പിഴപ്പലിശയും ഇളവ് ലഭിക്കാനും അപേക്ഷ നൽകി കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. എല്ലാ വ്യാഴാഴ്ചയും പാലക്കാട് വച്ച് നടത്തുന്ന അദാലത്തിൽ അപേക്ഷ നൽകി ഇളവ് ലഭിച്ചാൽ മാത്രമേ കണക്ഷൻ പുനസ്ഥാപിക്കുകയുള്ളൂ എന്ന് വാട്ടര്‍ അതോറിറ്റി അധികൃതർ പറഞ്ഞു.
Similar News
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി
ലോട്ടറിവില്പനക്കാരിയെ കളിനോട്ട് നല്കി പറ്റിച്ചു
എംഡിഎംഎയുമായി വടക്കഞ്ചേരി സ്വദേശി പിടിയില്‍