ബസുകളിൽ മോഷണം പതിവാക്കി കള്ളന്മാർ; പിടിക്കപ്പെടുന്നത് യുവതികളുടെ ചെറു സംഘങ്ങൾ.

പാലക്കാട്: ജില്ലയില്‍ ബസുകള്‍ കേന്ദ്രീകരിച്ച്‌ മാല മോഷ്ടാക്കള്‍ വിലസുകയാണ്. ഇവരെ പേടിച്ചിട്ട് യാത്ര ചെയ്യാന്‍ പോലും പറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്.
ഇന്നലെയും രണ്ട് മോഷ്ടാക്കളെ പിടികൂടിയിട്ടുണ്ട്. ബസുകളില്‍ യാത്ര ചെയ്ത് മാല മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളാണ് അറസ്റ്റിലായത്. പാലക്കാട് കണ്ണന്നൂരില്‍ ബസ് യാത്രക്കാരിയുടെ രണ്ടേമുക്കാല്‍ പവന്‍ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശികളായ സന്ധ്യ, കാവ്യ എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ബസില്‍ യാത്ര ചെയ്ത് മോഷണം പതിവാക്കിയ ഇവര്‍ക്കെതിരെ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി പത്തോളം കേസുകളുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പലയിടത്തും വിത്യസ്ത മേല്‍വിലാസമാണ് ഇവര്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവിലെ മേല്‍വിലാസം ശരിയാണോ എന്ന് പരിശോധിച്ചു വരികയാണ്.. അടുത്തിടെ ഇവര്‍ ബസില്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

അടുത്തകാലത്തായി ബസുകളില്‍ മോഷണം വര്‍ധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സൗത്ത് സ്റ്റേഷനില്‍ മാത്രം ലഭിച്ചത് 20 പരാതികളാണ്. കഴിഞ്ഞ ആഴ്ച പാലക്കാട് ടൗണ്‍ ബസില്‍ യാത്ര ചെയ്ത തേങ്കുറിശ്ശി സ്വദേശി കനകത്തിന്റെ രണ്ടു പവന്‍ മാല മോഷണം പോയിരുന്നു. മോഷണം വര്‍ധിച്ചതോടെ പാലക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മോഷ്ടാക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പാലക്കാട് സൗത്ത് സിഐ ഷിജു കെ എബ്രഹാം പറഞ്ഞു.