ദേശീയപാത കരാർ കമ്പനിയുടെ അനാസ്ഥമൂലം വടക്കഞ്ചേരിയിൽ 22 കെ എസ് ആർ ടി സി ബസ്സുകൾ കുടുങ്ങി കിടന്നു.

വടക്കഞ്ചേരി: കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്നുമാണ് വാഹനങ്ങൾക്ക് പുറത്തിറക്കാൻ കഴിയാത്തത്. ദേശീയപാതയുടെ സർവീസ് റോഡിൽ ചാലെടുത്തത് നികത്തിയതിലെ അപാകതയാണ് കാരണം. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിന്റെ അടിപ്പാതയിലൂടെ കെഎസ്ആർടിസി ഡിപ്പോയിലേക്ക് കടക്കുന്ന റോഡിന്റെ ചാലു പണിയാണ് കെഎസ്ആർടിസിയെ ദുരവസ്ഥയിലാക്കിയത്.

നിലവിൽ രാവിലെ 22 ഓളം വാഹനങ്ങൾ സർവീസ് നടത്തുന്നതാണ്. ഇതിൽ മൂന്നു വാഹനങ്ങളാണ് അതിരാവിലെ കടക്കാനായത്. അതിനുശേഷം ഉള്ള വാഹനം കയറുമ്പോഴേക്കും ചാലിനു മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകൾ തകർന്നു. ഇതോടെയാണ് മറ്റു വാഹനങ്ങളൊന്നും കടക്കാൻ പറ്റാതായത്.

ഇതിനിടെ ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങൾ ഡീസൽ അടിക്കാനായി പമ്പിലേക്ക് കയറ്റിയതും തിരിച്ച് പുറത്തിറക്കാൻ ആവാതെ അകപ്പെടുകയായിരുന്നു. ഇന്നലെ ആയിരുന്നു അഴുക്ക് ചാലിന്റെ നിർമ്മാണ പണികൾ നടത്തിയത്. എന്നാൽ പൂർണ്ണമായും പണി തീർക്കാതെയാണ് താൽക്കാലികമായി മണ്ണിട്ട് സ്ലാബ് വച്ചത്. മഴ കനത്തതോടെ ചളി നിറഞ്ഞ് സ്ലാബ് തകർന്നു. മറ്റൊരു മാർഗ്ഗവും വാഹനങ്ങൾക്ക് പുറത്തു കടക്കാൻ ഇല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് കരാർ കമ്പനി ഈ പ്രവർത്തി എന്നാണ് ആരോപണം.

പുലർച്ചെ അഞ്ചര മുതൽ പോകേണ്ട ബസ്സുകളെല്ലാം പുറത്തിറക്കാൻ കഴിയാതെ കുടുങ്ങികിടന്നു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കരാർ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ആയിട്ടില്ലെന്നാണ് കെ എസ് ആർ ടി സി ജീവനക്കാർ പറയുന്നത്.