നെല്ലിയാമ്പതിയിൽ കാരവൻ ടൂറിസം പദ്ധതി ആരംഭിക്കും. മന്ത്രി മുഹമ്മദ് റിയാസ്.

നെന്മാറ: ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പോത്തുണ്ടി ഉദ്യാനം സന്ദർശിച്ച് പുതുതായി നടപ്പാക്കാനാവുന്ന പദ്ധതികളെക്കുറിച്ച് ആരാഞ്ഞു. നിലവിലുള്ള പദ്ധതികളും ഭാവി പ്രവർത്തനങ്ങളും പൂർത്തീകരിക്കാനുള്ള പദ്ധതികളും മന്ത്രി വിലയിരുത്തി. ഉദ്യാനം ചുറ്റി സഞ്ചരിച്ച് കണ്ട മന്ത്രി പുതുതായി ഒരുക്കിയ സാഹസിക ഉദ്യാനത്തിലെ പദ്ധതികളും പ്രവർത്തനങ്ങളും കണ്ട് വിലയിരുത്തി.

മന്ത്രിയോടൊപ്പം കെ ബാബു എം.എൽ.എ.യും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, പല്ലശ്ശേന പഞ്ചായത്ത് പ്രസിഡന്റ് സായി രാധ, എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് , ജില്ലാ പഞ്ചായത്ത് അംഗം കെ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ് തുടങ്ങി വിവിധ തലത്തിലുള്ള ജനപ്രതിനിധികളും അനുഗമിച്ചു.

നെല്ലിയാമ്പതി ഉദ്യാന സന്ദർശനത്തിനെത്തിയ കണ്ണൂർ, കോഴിക്കോട് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ വിനോദസഞ്ചാരികളുമായി മന്ത്രി സംഭാഷണം നടത്തുകയും നിലവിലെ വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ അഭിപ്രായം ആരാകുകയും വിനോദസഞ്ചാരികളുമൊത്ത് ഫോട്ടോയെടുക്കാനും മന്ത്രി സമയം കണ്ടെത്തി. നെല്ലിയാമ്പതികൾ വിനോദ സഞ്ചാരികൾക്കായി കാരവൻ ടൂറിസം പാർക്ക് സ്ഥാപിക്കുമെന്നും, നെല്ലിയാമ്പതിയിൽ നിന്ന് മടങ്ങുന്ന വിനോദസഞ്ചാരികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ പോത്തുണ്ടി ഉദ്യാനത്തിന്റെ പ്രവർത്തി സമയം മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും വൈകുന്നേരങ്ങളിൽ ഉദ്യാനത്തിൽ ദീപാലങ്കാരവും ഫൗണ്ടനും സംഗീതവും ഏർപ്പെടുത്തുന്ന കാര്യവും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ടൂറിസം വികസനത്തിന് 60% ടൂറിസം വകുപ്പും, 40% തദ്ദേശസ്ഥാപനങ്ങളും ചെലവിട്ട് പുതിയ ടൂറിസം പദ്ധതികൾ ഡെസ്റ്റിനേഷൻ ചലഞ്ച് എന്ന പുതിയ പദ്ധതി പ്രകാരം പുതുതായി നടപ്പാക്കേണ്ട പ്രാദേശിക ടൂറിസം പദ്ധതികൾക്ക് പ്രാമുഖ്യം നൽകുമെന്നും മന്ത്രി പറഞ്ഞു.