ഭാര്യയെ കൊന്ന് കുഴിച്ചു മൂടിയ പ്രതി 26 വർഷത്തിനുശേഷം പിടിയിൽ.

ചിറ്റൂര്‍: ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 26 വര്‍ഷത്തിനു ശേഷം തമിഴ്നാട്ടില്‍നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി മയിലാണ്ടിപ്പേട്ട ശെല്‍വരാജി (53)നെയാണ് ദിണ്ഡിക്കല്ലില്‍ നിന്നു കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.

1996ല്‍ വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പണിയെടുത്തിരുന്ന ശെല്‍വരാജും മാതാവ് രാമാത്തോളും ഭാര്യ മീനാക്ഷിയും മലയാണ്ടി കൗണ്ടന്നൂരില്‍ താമസിക്കുകയായിരുന്നു. അവിടെവെച്ച്‌ മീനാക്ഷിയെ ശെല്‍വരാജും രാമാത്തോളും ചേര്‍ന്ന് കൊലപ്പെടുത്തി തോട്ടത്തില്‍ തന്നെ കുഴിച്ചുമൂടി എന്നതാണ് കേസ്.

പെരുമാട്ടി സ്വദേശിനിയായ മീനാക്ഷിയെ കാണാനില്ലെന്നു കാണിച്ച്‌ സഹോദരന്‍ ചിറ്റൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 1996ല്‍ തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശെല്‍വരാജിനെയും രാമാത്തോളിനേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിയും മാതാവും തമിഴ്നാട്ടിലേക്ക് മുങ്ങി.

തമിഴ്നാട്ടില്‍ മറ്റൊരു വിവാഹം കഴിച്ച്‌ ശെല്‍വ എന്ന പേരില്‍ താമസിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. രാമാത്തോള്‍ നാല് വര്‍ഷം മുമ്പ് മരണപ്പെട്ടതായി പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ ഡിവൈ.എസ്.പി സി. സുന്ദരന്‍, സി.ഐ എം. ശശിധരന്‍, എസ്.ഐ പി. സുജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍ എന്‍. ഷിബു, ഇ. നടരാജന്‍, കെ. അനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.