ലഹരിക്കെതിരെ പോരാടാന്‍ ഞങ്ങളുണ്ട് കൂടെ, ഒരുമയോടെ ഉയര്‍ന്നു 1000 ബലൂണുകള്‍.

പാലക്കാട്‌: പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ പോരാടാന്‍ ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം ഉയര്‍ത്തി പാലക്കാട് ഗവ. വിക്ടോറിയ കോളെജ് മൈതാനത്ത് ഒരുമയോടെ 1000 ബലൂണുകള്‍ ഉയര്‍ന്നു. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ , സംഘടനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു കൊണ്ട് ‘ലഹരിക്കെതിരെ പോരാടാന്‍ ഞങ്ങളുണ്ട് കൂടെ’ എന്ന ലഹരിവിരുദ്ധ സന്ദേശം ആലേഖനം ചെയ്ത ബലൂണുകളാണ് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ പറത്തിയത്.

ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബി. സുഭാഷ്, കെ. സുഭാഷ്, ഗവ. മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പി.എം.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ഗവ. വിക്‌ടോറിയ കോളെജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.