പാലക്കാട് വന്‍കിട കഞ്ചാവ് വ്യാപാരികള്‍ പൊലീസിന്റെ പിടിയില്‍.

പാലക്കാട്: വന്‍കിട കഞ്ചാവ് വില്‍പ്പനക്കാര്‍ പൊലീസ് പിടിയില്‍. പാലക്കാട് ജില്ലയിലെ ഏജന്റുമാര്‍ക്ക് കഞ്ചാവ് എത്തിക്കുന്നവരാണ് പൊലീസിന്റെ പിടിയിലായത്. പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ മണിമാരന്‍ മകന്‍ സനോജ് (26), അശോകന്‍ മകന്‍ അജിത് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ലഭിച്ച വിവരത്തെ തുടര്‍ന്ന് ചന്ദ്രനഗര്‍ കൂട്ടുപാതയില്‍ പൊലീസ് പരിശോധന നടത്തുമ്ബോള്‍ പ്രതികള്‍ സ്ഥലത്തെത്തി. പൊലീസിനെ കണ്ട ഉടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു എങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ഇവരെ പിടികൂടി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കഞ്ചാവ് കടത്തും വില്‍പനയും നടത്തുന്നതായി പ്രതികള്‍ സമ്മതിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നാണ് മൊത്തവിലയ്ക്ക് കഞ്ചാവ് വാങ്ങുന്നത്. പിന്നീട് പല അളവുകളിലായി പാലക്കാട് എത്തിച്ച്‌ വില്‍ക്കുകയായിരുന്നു. തിരക്കുള്ള സ്ഥലങ്ങളാണ് പ്രതികള്‍ കഞ്ചാവ് കച്ചവടത്തിനായി തെരഞ്ഞെടുക്കാറുള്ളതെന്നും പ്രതികള്‍ പറഞ്ഞു. പൊലീസില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സംഘത്തിന്റെ കൈയില്‍ നിന്നും നാല് കിലോ കഞ്ചാവും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.

പാലക്കാട് ജില്ലയില്‍ വര്‍ഷങ്ങളായി പൊലീസിനേയും എക്‌സൈസിനേയും കബളിപ്പിച്ച്‌ കഞ്ചാവ് കച്ചവടം നടത്തുന്നവരാണ് പിടിയിലായ പ്രതികള്‍ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് കടത്തില്‍ ഇരുവരെയും സഹായിക്കാന്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.