ദേശീയപാത നിർമാണത്തിന്റെ പേരിൽ കല്ലും, മണ്ണും കടത്തൽ വ്യാപകം.

✒️Manorama News

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തിനെന്ന പേരില്‍ വടക്കഞ്ചേരി, തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം മേഖലകളില്‍ നിന്ന് വ്യാപകമായി മണ്ണും കല്ലും കടത്തുന്നു. ആറുവരിപ്പാതയില്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോ‍ഡിന്റെ നിര്‍മാണം മാത്രമാണിപ്പോള്‍ നടക്കുന്നത്.

എന്നാല്‍ എന്‍എച്ച്എഐ വര്‍ക്ക് എന്ന ബോര്‍ഡ് വച്ച് കുന്നിടിച്ച് നിരത്തി അയല്‍ ജില്ലകളിലേക്ക് വന്‍തോതില്‍ മണ്ണും കല്ലും കടത്തുകയാണ്. ജിയോളജി വകുപ്പിന്റെ അനുമതിയോടെ ദേശീയപാതക്കായി മണ്ണ് കൊണ്ടുപോകുന്നതിന്റെ പാസ് ഉപയോഗപ്പെടുത്തിയാണ് പലരും മണ്ണ് കടത്തുന്നത്.  ദേശീയപാതയുടെ വികസനത്തിന് വിനിയോഗിക്കാൻ അധികൃതരുടെ അനുമതിയോടെ തേനിടുക്കിൽ രണ്ട് കുന്നുകൾ ഇ‌ടിച്ച് മണ്ണെടുത്തിരുന്നു. ഇപ്പോള്‍ മറ്റൊരു കുന്നും ഇടിച്ചുനിരത്തിത്തുടങ്ങി. നിശ്ചിത സമയത്തിനുള്ളിൽ നിബന്ധനകൾക്ക് വിധേയമായി മണ്ണ് എടുക്കൽ പൂർത്തിയാക്കണമെന്നാണ് നിയമം.

House Plot sale

എന്നാല്‍ അതിന് സാധിച്ചില്ലെങ്കിൽ വീണ്ടും അനുമതി തേടണം. ഇതൊന്നും പാലിക്കാതെയാണ് രാത്രിയുടെ മറവില്‍ മണ്ണ് കടത്ത്. അനുമതിയില്ലാതെ മണ്ണ് കടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പരിശോധന നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. മേഖലയില്‍ പല ക്വാറികളും നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അനധികൃതമായി നടക്കുന്ന കുന്നിടിക്കലും നെല്‍പാടം നികത്തലും കണ്ടതായി ബന്ധപ്പെട്ടവര്‍ ഭാവിക്കുന്നില്ല.

വടക്കഞ്ചേരി ടൗണില്‍ ഏക്കറുകണക്കിന് നെല്‍പാടം നികത്തിക്കഴിഞ്ഞു. പരാതി ലഭിച്ചാല്‍ വില്ലേജ് അധികൃതരെത്തി സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നതോടെ എല്ലാം കഴിയുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥലവും നികത്തുകയാണ്.