തളികകല്ല് കോളനിയിലെ വീടുകളുടെയും, റോഡ് പാലം എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും

മംഗലംഡാം: തളികകല്ല് കോളനിയിലെ ആദിവാസി കുടുംബങ്ങൾക്ക് നിർമ്മിച്ച വീടുകളുടെയും, റോഡ് പാലം എന്നിവയുടെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 ന് പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും.കെ ഡി പ്രസേനൻ എം എൽ എ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോൾ മുഖ്യാതിഥിയായിരിക്കും. തളികകല്ല് ആദിവാസി കുടുംബങ്ങൾക്ക് 37 വീടുകളാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പട്ടികവർഗ്ഗ വകുപ്പിൻ്റെ 2.66 കോടി രൂപ ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്.

രണ്ട് ബെഡ് റൂമുകളും, ഹാളും, അടുക്കളയും, ശുചിമുറിയുമുൾപ്പെടെ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീടാണ് നിർമ്മിച്ചിരിക്കുന്നത്.1980 മുതൽ താമസം തുടങ്ങിയ തളികകല്ല് കോളനി നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു അവിടേക്കുള്ള യാത്രാ സൗകര്യം. കടപ്പാറയിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരം കാട്ടുവഴികളിലൂടെ സഞ്ചരിച്ചാണ് ഇവർ കോളനിയിലെത്തിയിരുന്നത്.കോളനിയിലേക്കുള്ള യാത്രാമദ്ധ്യേയുള്ള പോത്തൻതോട് മഴക്കാലത്ത് നിറയുമ്പോൾ ആഴ്ചകളോളം ഇവർ ഒറ്റപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു.എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി പോത്തൻതോടിന് കുറുകെ പാലവും, കടപ്പാറയിൽ നിന്നും തളികകല്ല് കോളനിയിലേക്കുള്ള റോഡിൻ്റെയും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 1. 11 കോടി രൂപ വിനിയോഗിച്ചാണ് റോഡിൻ്റെയും, പാലത്തിൻ്റെയും നിർമ്മാണം പൂർത്തീകരിച്ചത്.തളികകല്ല് കോളനിയിലേക്കുള്ള അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ പൂർത്തീകരിച്ചതിൻ്റെ ആഹ്ലാദത്തിലാണ് കോളനി നിവാസികൾ. ഉദ്ഘാടനത്തിനായി കോളനിയിലേക്കെത്തുന്ന മന്ത്രിയെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണിവർ,