കിഴക്കഞ്ചേരി സഹകരണ ബാങ്കിലെ നിയമനങ്ങള്‍ക്ക് ലക്ഷങ്ങള്‍ കോഴ; കെ.എസ്.യു മുന്‍ ജില്ല വൈസ് പ്രസിഡന്റ് ഹൈക്കോടതിയില്‍.

കിഴക്കഞ്ചേരി: കിഴക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിലെ നിയമനങ്ങള്‍ക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങിയതായി പരാതി. കെ.എസ്.യു മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കോഴ വാങ്ങിയെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമനവിവാദങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡിസിസി കമ്മീഷനെ നിയോഗിച്ചു. കിഴക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിലെ വാച്ച്‌മാന്‍, പ്യൂണ്‍ എന്നീ തസ്തികളിലേക്ക് ലക്ഷങ്ങള്‍ കോഴ വാങ്ങിയതായാണ് പരാതി. പരീക്ഷ നടത്തുമെങ്കിലും പണം വാങ്ങിയവരെ ബാങ്ക് ഭരണസമിതി നിയമിക്കാണ് പദ്ധതിയെന്ന് പരാതിക്കാരന്‍ പറയുന്നു. ബാങ്ക് നിയമിക്കാന്‍ ഉദ്ദേശിക്കുന്ന ആളുകളുടെ പേരുകള്‍ ചൂണ്ടിക്കാട്ടി മുന്‍ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ബേസില്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പരാതി പരിഗണിച്ച കോടതി പരീക്ഷാനടത്തിപ്പ് സുതാര്യമാണെന്ന് സഹകരണവകുപ്പ് ജോയന്റ് രജിസ്ട്രാര്‍ ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശം നല്‍കി. നിയമ വിവാദങ്ങള്‍ക്കിടെ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ജോഷി ആന്റണി കഴിഞ്ഞദിവസം സ്ഥാനം രാജി വെക്കുകയും ചെയ്തു. എന്നാല്‍ നിയമനം സംബന്ധിച്ച വിവാദം അടിസ്ഥാനരഹിതമാണെന്നും, ബാങ്കിനെ തകര്‍ക്കുകയാണ് വിവാദത്തിന് പിന്നിലുള്ള ഉദ്ദേശം എന്നും ബാങ്ക് പ്രസിഡന്റ് എം.കെ ശ്രീനിവാസന്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. അഡ്വ. സുമേഷ് അച്യുതന്‍, അഡ്വ. തേലനൂര്‍ ശശി എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. അടുത്ത ദിവസം ഡി.സി.സി പ്രസിഡന്റിന് അന്വേഷണ റിപ്പോട്ട് കൈമാറും.