വണ്ടാഴി-2 സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

വണ്ടാഴി: വണ്ടാഴി-2 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. കെ ഡി പ്രസേനൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ കലക്ടർ മൃൺമയിജോഷി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി ലീലാമണി, വണ്ടാഴി പഞ്ചായത്ത് പ്രസിഡൻ്റ് കെ എൽ രമേഷ്, വൈസ് പ്രസിഡൻ്റ് പി ശശികല, ജില്ലാപഞ്ചായത്തംഗം വി രജനി, നസീമ ഇസ്ഹാക്ക്, ആർ ഗംഗാധരൻ, വി മീനാകുമാരി, വാസുദേവൻ തെന്നിലാപുരം, ജി രാമചന്ദ്രൻ, കെ വി പ്രസന്നകുമാർ, ആർ ഡി ഒ ഡി അമൃതവല്ലി എന്നിവർ സംസാരിച്ചു.

യോഗത്തിൽ ആലത്തൂർ താലൂക്കിലെ പട്ടയപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ ഏറ്റവും അധികം ഭൂമി സംബന്ധമായ പ്രശ്നങ്ങൾ നിലനില്ക്കുന്നത് ആലത്തൂർ താലൂക്കിലാണ്. മലയോര മേഖലയിലുള്ളവരുടെ ഉൾപ്പെടെയുള്ള പട്ടയപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയണം. ഇതിനായി ജില്ലാ കലക്ടറും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരുടെ പ്രത്യേകയോഗം ചേരും. പ്രശ്ന പരിഹാരത്തിനായി ഒരു പ്രത്യേക ഓഫീസറേയും നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവ്വേ ജനകീയ പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തർക്ക രഹിതമായ ഭൂമിയ്ക്ക് വേണ്ടിയാണ് ഡിജിറ്റൽ സർവ്വേയെന്നും, സർവ്വേയ്ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങൾ കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.