ആരോഗ്യവകുപ്പിന്‍റെ അനാസ്ഥമൂലം സംസ്ഥാനത്തിന് ഇത്തവണ നഷ്ടമായത് 10എംഡി സീറ്റും, 5ഡിഎന്‍ബി സീറ്റും.

പാലക്കാട്: ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം ഇത്തവണ സംസ്ഥാനത്തിന് ഇത്തവണ നഷ്ടമായത് 10 എം.ഡി സീറ്റുകളും, 5 ഡിഎന്‍ബി സീറ്റുകളും. പ്രവേശന പട്ടിക തയ്യാറാക്കിയുള്ള ഉത്തരവ് ഇറങ്ങിയത് അവസാന തീയതിയായ ഡിസംബര്‍ 2 ന് രാത്രി 10 മണിക്ക്. ഉത്തരവിറങ്ങി 2 മണിക്കൂറിനകം അതാത് കോളേജുകളിലെത്തി പ്രവേശനം നേടാനായിരുന്നു നിര്‍ദേശം. ഇതോടെ പകുതിയിലേറെ പേര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.കേരളത്തിലെ ആകെയുള്ള മെഡിക്കല്‍ പി ജി സിറ്റീന്റെ 10 ശതമാനം സര്‍വീസ് കോട്ടയാണ്. ഇതിലെ 45 ശതമാനവും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് ഡോക്ടര്‍മാര്‍ക്കായാണ് മാറ്റിവെച്ചിട്ടുള്ളത്. ഇത് പ്രകാരം 19 സീറ്റാണ് ഉള്ളത്. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എസ് സി എസ് ടി വകുപ്പിന് കീഴില്‍ ആയതിനാല്‍ ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ഹൈക്കോടതിയും സുപ്രീം കോടതിയും പ്രവേശനം നല്‍കാന്‍ ഉത്തരവിട്ടു. നവംബര്‍ 29നാണ് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ അന്തിമ വിധി വന്നത്. പ്രവേശനത്തിന് അവസാന തീയതിയായ ഡിസംബര്‍ 2നായി പിന്നെയും 3 ദിവസം ബാക്കി. എന്നാല്‍ രണ്ടാം തിയതി രാത്രി 10 മണി വരെ ആരോഗ്യ വകുപ്പ് അനങ്ങിയില്ല. ഒടുവില്‍ പ്രവേശനത്തിനുള്ള ഉത്തരവിറക്കിയത് രാത്രി 10.20ന്. രാത്രി 12 മണിക്കകം പ്രവേശനം നേടണമെന്നായിരുന്നു നിര്‍ദേശം. ഇതോടെ ദൂരസ്ഥലങ്ങളിലുള്ളവര്‍ കുടുങ്ങി. നട്ട പാതിരയ്ക്ക് പ്രവേശനം നടക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.10 എം.ഡി സീറ്റ്, എംഡിക്ക് തുല്യമായ 5 ഡിഎന്‍ബി സീറ്റ് എന്നിവയാണ് ഒഴിഞ്ഞ് കിടക്കുന്നത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ചതാണ് പ്രവേശന നടപടികള്‍ വൈകാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ കോടതി വിധിയുണ്ടായിട്ടും പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ളവരെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് സീറ്റ് നഷ്ട്ടപെടാന്‍ കാരണമെന്ന് ഡോക്ടര്‍മാരും പറയുന്നു. ഇനിയും പ്രവേശനത്തിന് അവസരം വേണമെന്ന് ആവശ്യപെട്ട് ആരോഗ്യ വകുപ്പ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്.