വീട്ടില്‍ നിര്‍ത്തിയിട്ട കാറിനും ടോള്‍.

വടക്കഞ്ചേരി: വാഹനം വീട്ടില്‍, പക്ഷേ ടോള്‍ പ്ലാസ കടന്നുപോയതിന് അക്കൗണ്ടില്‍നിന്ന് പിടിച്ചത് 1860 രൂപ. തൃശൂര്‍ സ്വദേശി സൈജോ വടക്കന്‍റെ അക്കൗണ്ടില്‍നിന്നാണ് പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ തന്‍റെ കാര്‍ കടന്നുപോയതായി കാണിച്ച്‌ അക്കൗണ്ടില്‍നിന്ന് തുടര്‍ച്ചയായി പണം പിടിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ വാഹനം കടന്നുപോയതായി കാണിച്ചാണ് തുക പിടിച്ചത്. 310 രൂപയാണ് ഈടാക്കിയത്. ഈ സമയത്ത് കാറും, സൈജോയും വീട്ടിലുള്ളതായി വീട്ടിലെ സി.സി ടി.വി കാമറ ദൃശ്യങ്ങള്‍ തെളിവാണ്. ആറാമത്തെ തവണയാണ് ഇല്ലാത്ത യാത്രയുടെ പേരില്‍ അക്കൗണ്ടില്‍നിന്ന് ടോളില്‍ പണം പിടിക്കുന്നതെന്ന് സൈജോ പറഞ്ഞു.കഴിഞ്ഞ മാസം 27ന് പാലക്കാട് പോയിരുന്നു. ഈ സമയത്തെ യാത്രയിലും ടോളില്‍ പണം പിടിച്ചത് 310 രൂപയായിരുന്നു. പിന്നീട് കടന്നുപോയിട്ടില്ല. എന്നാല്‍ ഇതിനകം നിരവധി തവണ അക്കൗണ്ടില്‍നിന്ന് പണം ചോര്‍ത്തി. പാലക്കാട് ദേശീയപാത അതോറിറ്റിയുടെയും, ടോള്‍ കമ്പനിയുടെയും ഓഫിസില്‍ തെളിവുകളടക്കം പരാതിപ്പെട്ടു. പണം റീഫണ്ട് ചെയ്യുമെന്ന് അറിയിച്ചെങ്കിലും ഉണ്ടായിട്ടില്ല. പകരം വീണ്ടും പണം പിടിക്കുകയാണ്. ബസുകളുടെ ടോള്‍ നിരക്കാണ് 310 രൂപ. കാര്‍, ജീപ്പ് അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 105 രൂപയും, ഇരുഭാഗത്തേക്കും കടന്നുപോകുന്നതിന് 155 രൂപയുമാണ് നിരക്കെന്നിരിക്കെയാണ് ഒറ്റ യാത്രയുടെ പേരില്‍ അക്കൗണ്ടില്‍നിന്ന് 310 രൂപ വീതം ചോര്‍ത്തിയത്.