വടക്കഞ്ചേരി തങ്കം ജംഗ്ഷനിലെ വളവില്‍ വാഹനക്കുരുക്ക് മുറുകുന്നു.

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണില്‍ തങ്കം ജംഗ്ഷനില്‍ വലിയ വാഹനങ്ങള്‍ തിരിഞ്ഞു വരാന്‍ സമയമെടുക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. പാലക്കാട് ഭാഗത്തുനിന്നും സര്‍വീസ് റോഡിലൂടെ വന്ന് ടൗണ്‍ റോഡിലേക്കു തിരിയുന്ന വാഹനങ്ങള്‍ക്കാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. പാലക്കാട് നിന്നും തൃശൂരിലേക്കു പോകുന്ന ബസുകള്‍ ചെറുപുഷ്പം ജംഗ്ഷനില്‍ നിന്നും റോയല്‍ ജംഗ്ഷന്‍ വഴി ഇടതുഭാഗത്തെ സര്‍വീസ് റോഡില്‍ പ്രവേശിച്ച്‌ തങ്കം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ടൗണ്‍ റോഡിലൂടെയാണ് സ്റ്റാന്‍ഡില്‍ കയറി പോകുന്നത്.

വലിയ ബസുകള്‍ക്ക് തങ്കം ജംഗ്ഷനിലെ ആദ്യ ട്രാക്കിലൂടെ തിരിയാന്‍ സ്ഥലക്കുറവുണ്ട്. ഇതിനാല്‍ ബസുകള്‍ക്ക് പുറകോട്ട് എടുത്തു വേണം തിരിഞ്ഞു വരാന്‍. ഈ സമയം ഇവിടെ വാഹനങ്ങള്‍ നിറഞ്ഞ് കുരുക്കുമാകും. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ടൗണിലേക്ക് പ്രവേശിക്കാവുന്ന വിധമാണ് ഇവിടുത്തെ ട്രാക്കുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഇതാണ് വലിയ വാഹനങ്ങള്‍ക്ക് തിരിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ഗതാഗത കുരുക്ക്

മാസങ്ങള്‍ക്ക് മുന്പ് ഇവിടെ യുവാവ് അപകടത്തില്‍പ്പെട്ട് പരിക്കേല്‍ക്കാനിടയായ സംഭവമുണ്ടായിട്ടുണ്ട്. വലിയ വാഹനങ്ങള്‍ക്കുകൂടി തിരിഞ്ഞ് വരാന്‍ സാധിക്കാവുന്ന വിധം ട്രാക്കുകള്‍ പുനര്‍നിര്‍മിക്കണം. വളവില്‍കൂടുതല്‍സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളും ഉണ്ടാകണമെന്നാണ് ആവശ്യം.