പാലക്കാട് ∙ നഗരത്തിൽ അമിത നിരക്ക് ഈടാക്കിയും മീറ്റർ പ്രവർത്തിപ്പിക്കാതെയും ഓടിയ ഓട്ടോക്കാരെ വീട്ടമ്മമാരുടെയും വിദ്യാർഥികളുടെയും വേഷത്തിലെത്തിയ വനിതാ പൊലീസ് കയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. നിയമാനുസൃതമുള്ള പിഴ ഈടാക്കിയതിനു പുറമേ കർശന മുന്നറിയിപ്പും നൽകി. 15 ഓട്ടോറിക്ഷകളാണു വനിതാ പൊലീസിന്റെ മഫ്തി യാത്രയിൽ കുടുങ്ങിയത്. മീറ്റർ ഇടാതെയും ആവശ്യപ്പെട്ടിട്ടും മീറ്റർ പ്രവർത്തിപ്പിക്കാതെയും ഓടിത്തുടങ്ങിയ ഓട്ടോകളെ നേരെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പാലക്കാട് നഗരത്തിൽ മീറ്ററിടാതെയാണ് ഇപ്പോൾ ഓടുന്നതെന്നു ചിലർ നിലപാടെടുത്തതായും പൊലീസ് പറഞ്ഞു. ചില ഓട്ടോകൾക്കു രേഖകൾ ഉണ്ടായിരുന്നില്ല. അമിത ചാർജ്, തട്ടിക്കയറൽ തുടങ്ങി ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഓട്ടോകൾക്കെതിരെ കർശന നടപടി തുടങ്ങിയത്. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുൾപ്പെടെ അമിത നിരക്കെന്ന പരാതി വ്യാപകമാണെന്നു പൊലീസ് പറഞ്ഞു.എഎസ്പി എ.ഷാഹുൽ ഹമീദ്, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാം, സബ് ഇൻസ്പെക്ടർ വി.ഹേമലത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും. പരാതി ലഭിക്കുന്ന ഓട്ടോകൾക്കെതിരെ കർശന നടപടിക്കാണു നിർദേശം. അതേസമയം, നിയമാനുസൃതം മീറ്ററിട്ട് സർവീസ് നടത്തിയ ഓട്ടോക്കാരെയും കണ്ടെത്തി. ഇവരെ പൊലീസ് അഭിനന്ദിക്കുകയും ചെയ്തു.
ഓട്ടോയാത്ര, നിറയെ പരാതി; വീട്ടമ്മമാരുടെയും വിദ്യാർഥികളുടെയും വേഷത്തിലെത്തി വനിതാ പൊലീസ് പൊക്കി.

Illustration of an auto rickshaw with passengers in the city.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.